വിമാനത്തില്‍ ഉറങ്ങിപ്പോയ യാത്രക്കാരന്‍ ഉണര്‍ന്നപ്പോള്‍ കണ്ടത് ജീവനക്കാരുടെ വൈകാരിക സര്‍പ്രൈസ്; വൈറലായി ‘കുഷിന്റെ’ കുറിപ്പ്

മുംബൈ: വിമാനയാത്രയ്ക്കിടെയുള്ള ഉറക്കം യാത്രക്കാരുടെ പൊതുവെയുള്ള ശീലമാണ്. എന്നാല്‍ പലരും ഉറക്കം വരുന്നുണ്ടെങ്കിലും വെറുതെ പോലും കണ്ണടയ്ക്കാന്‍ ഇഷ്ടപ്പെടാറില്ല. വിമാനത്തില്‍ നിന്നും കിട്ടുന്ന ഭക്ഷണം നഷ്ടമാകുമോ എന്ന ചിന്തയാണ് അതിന് കാരണം. അടുത്തിടെ, ഒരു എക്‌സ് ഉപയോക്താവ് ആകാശ എയര്‍ വിമാനത്തില്‍ ഉറങ്ങുകയും ജീവനക്കാര്‍ വിതരണം ചെയ്ത ഭക്ഷണം നഷ്ടപ്പെടുത്തുകയും ചെയ്തപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് തന്റെ പോസ്റ്റില്‍ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റ് വളരെയധികം ശ്രദ്ധ നേടുകയും നിരവധി ഹൃദയങ്ങളെ കീഴടക്കുകയും ചെയ്തു. യാത്രയില്‍ താന്‍ ഉറങ്ങിപ്പോയിട്ടും ഉണര്‍ന്നപ്പോള്‍ ഭക്ഷണം ഉറപ്പാക്കിയ ജീവനക്കാരുടെ നല്ല മനസ്സാണ് അദ്ദേഹം പോസ്റ്റില്‍ പങ്കുവച്ചത്.

ജോലി സംബന്ധമായ തിരക്കുകള്‍ കാരണം തളര്‍ന്നിരുന്ന അദ്ദേഹം യാത്രയ്ക്കിടെ വിമാനത്തില്‍ ഇരുന്ന് ഉറങ്ങിപ്പോയി. ഈ സമയം വിമാനത്തില്‍ ഭക്ഷണവിതരണം നടന്നെങ്കിലും ഉറങ്ങുകയായിരുന്ന അദ്ദേഹത്തെ ശല്യപ്പെടുത്താന്‍ ജീവനക്കാര്‍ തയ്യാറായില്ല. പകരം, അദ്ദേഹം ഉണരുമ്പോള്‍ കാണാനായി സീറ്റില്‍ ഒരു ചെറിയ കുറിപ്പ് ഒട്ടിച്ചു വെച്ചു. ‘നിങ്ങള്‍ ഉറങ്ങുകയായിരുന്നതിനാല്‍ നിങ്ങളെ ശല്യപ്പെടുത്തേണ്ട എന്ന് ഞങ്ങള്‍ കരുതി. അതുകൊണ്ടാണ് ഭക്ഷണം നല്‍കാതിരുന്നത്. നിങ്ങള്‍ ഉണരുമ്പോള്‍ ദയവായി സര്‍വീസ് ബട്ടണ്‍ അമര്‍ത്തുക, ഞങ്ങള്‍ ഭക്ഷണം എത്തിച്ചു നല്‍കാം.’- എന്നായിരുന്നു ആ കുറിപ്പ്.

ജീവനക്കാരുടെ ഈ കരുതലിനെ ‘ഏറ്റവും ചിന്തനീയമായ സേവനം’ എന്നാണ് കുഷ് വിശേഷിപ്പിച്ചത്. കുഷിന്റെ ട്വീറ്റിന് മറുപടിയുമായി ആകാശ എയറും രംഗത്തെത്തി. തങ്ങളുടെ യാത്രക്കാര്‍ക്ക് സുഖകരവും അവിസ്മരണീയവുമായ അനുഭവം നല്‍കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും ഇത്തരം നല്ല വാക്കുകള്‍ ജീവനക്കാര്‍ക്ക് വലിയ പ്രചോദനമാണെന്നും കമ്പനി വ്യക്തമാക്കി. യാത്രക്കാരുടെ സൗകര്യത്തിന് മുന്‍ഗണന നല്‍കുന്ന ഇത്തരം ചെറിയ കാര്യങ്ങളാണ് പലപ്പോഴും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതെന്നായിരുന്നു സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ പ്രതികരണം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page