ശബരിമല: അയ്യപ്പഭക്തര്‍ വ്രതംനോറ്റ് കാത്തിരിക്കുന്ന മകരസംക്രമ പൂജയും മകരജ്യോതി ദര്‍ശനവും നാളെ.
ബുധനാഴ്ച വൈകീട്ട് 3:08ന് സൂര്യന്‍ ധനുരാശിയില്‍ നിന്നും മകരം രാശിയിലേക്ക് കടക്കുന്ന മുഹൂര്‍ത്തത്തിലാണ് മകര സംക്രമപൂജ. 2.45ന് നട തുറന്ന് മൂന്നിന് സംക്രമപൂജ ആരംഭിക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മികനാകും. സന്ധ്യയ്ക്ക് ആറരയോടെ തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തും.
തിരുവാഭരണവാഹകസംഘം വൈകിട്ട് 6.15ന് പതിനെട്ടാം പടി കയറി കൊടിമരച്ചുവട്ടില്‍ എത്തുമ്പോള്‍ ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിക്കും. സോപാനത്ത് എത്തിക്കുന്ന തിരുവാഭരണ പേടകം തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങും. തുടര്‍ന്ന് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന നടക്കും. ഈസമയത്ത് പൊന്നമ്പല മേട്ടില്‍ മകര ജ്യോതി തെളിയും. മകരവിളക്കിനോട് അനുബന്ധിച്ച് സന്നിധാനത്ത് ഇപ്പോള്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. തീര്‍ത്ഥാടകരെ വരവേല്‍ക്കുന്നതിനായി സന്നിധാനത്ത് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.
മകരവിളക്ക് കണക്കിലെടുത്ത് ശബരിമലയില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. എരുമേലി പേട്ടതുള്ളല്‍ ഞായറാഴ്ച നടക്കും. ഞായര്‍ ഉച്ചയ്ക്ക് പന്ത്രണ്ടോടെ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളല്‍ എരുമേലി കൊച്ചമ്പലത്തില്‍ നിന്നാരംഭിക്കും.







