കാസര്‍കോട്: മാവുങ്കാലില്‍ ആശുപത്രിക്ക് മുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ സൂക്ഷിച്ച 7 പവന്‍ സ്വര്‍ണ വളകള്‍ കവര്‍ന്ന സംഭവത്തില്‍ രണ്ടുപേരെ പൊലീസ് മണിക്കൂറുകള്‍ക്കകം പിടികൂടി. കളളാര്‍ ഒക്ലാവ് സ്വദേശി സുബൈര്‍(23), കാഞ്ഞങ്ങാട് വടകര മുക്കിലെ ആഷിഖ്(28) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പൊലിസ് പിടികൂടിയത്. വെള്ളരിക്കുണ്ട് കല്ലഞ്ചിറയിലെ അഷ്‌റഫിന്റെ ഓട്ടോയില്‍ സൂക്ഷിച്ച സ്വര്‍ണമാണ് പ്രതികള്‍ കവര്‍ന്നത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മാവുങ്കാലിലെ സ്വകാര്യ ആശുപത്രി കോംപൗണ്ടില്‍ വച്ചാണ് സംഭവം. അഷ്‌റഫിന്റെ ഭാര്യാപിതാവ് വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സിയിലായിരുന്നു. ഇതറിഞ്ഞ് എത്തിയതായിരുന്നു അഷ്‌റഫും ഭാര്യ കൗലത്തും. വീടിന് അടച്ചുറപ്പില്ലാത്തനാല്‍ വളകള്‍ ഓട്ടോയിലെ ഡാഷ് ബോര്‍ഡില്‍ വച്ചാണ് ഇരുവരും ആശുപത്രിയിലേക്ക് പോയത്. രണ്ടുമണിക്കൂറിനകം തിരിച്ചെത്തിയപ്പോള്‍ ഡാഷ് ബോര്‍ഡ് കുത്തിത്തുറന്ന നിലയിലായിരുന്നു. ഉടന്‍ സ്വര്‍ണം നഷ്ടമായ വിവരം അഷ്‌റഫ് ആശുപത്രി അധികൃതരെ അറിയിച്ചു. സിസിടിവി പരിശോധിച്ചപ്പോള്‍ ഒരാള്‍ ഓട്ടോയില്‍ നിന്ന് മോഷണം നടത്തുന്നത് കണ്ടെത്തി. പരാതിയെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ ഇ അനൂപ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. മോഷണം നടത്തിയ ആഷിഖിനെ പിലാത്തറയില്‍ വച്ച് പൊലീസ് പിടികൂടി. ഇയാളുടെ മൊഴിക്ക് പിന്നാലെ കാഞ്ഞങ്ങാട് വച്ച് ആഷിഖും പിടിയിലായി. ഇയാളുടെ വീട്ടില്‍ സൂക്ഷിച്ച ഏഴു സ്വര്‍ണ വളകളും പൊലീസ് കണ്ടെത്തി. നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയാണ് ആഷിഖ്.







