കോട്ടയം: കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിലെ ഷേര്‍ലി മാത്യുവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവതിയെ കഴുത്തറുത്ത് കൊന്നശേഷം യുവാവ് തൂങ്ങി മരിക്കുകയായിരുന്നു. ഇടുക്കി കല്ലാര്‍ഭാഗം സ്വദേശി ഷേര്‍ളി മാത്യു(45)വും കോട്ടയം താഴത്തങ്ങാടി സ്വദേശി ജോബ് സകറിയ(40)യും ആണ് മരിച്ചത്. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് വീടിനുള്ളില്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ഇടപാടിനെ തുടര്‍ന്നുള്ള തര്‍ക്കവും യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയവും ആണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് നിഗമനം. ആറുമാസംമുന്‍പാണ് ഇരുവരും ഇവിടെ വാടകയ്ക്ക് താമസിക്കാനെത്തിയത്. ഷേര്‍ളിയുടെ പേരിലാണ് വീടുള്ളത്. കുറെ നാളുകളായി ഷേര്‍ളിയും ജോബും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇടയ്ക്കിടെ ഇയാള്‍ കൂവപ്പള്ളിയിലെ വീട്ടില്‍ എത്തുമായിരുന്നു. നാട്ടുകാരുമായി ഇരുവര്‍ക്കും ബന്ധം ഉണ്ടായിരുന്നില്ല. ഭര്‍ത്താവ് മരിച്ചെന്നും വിവാഹബന്ധം വേര്‍പ്പെടുത്തിയെന്നും തുടങ്ങി പല കഥകളാണ് ഇവര്‍ പലരോടുമായി പങ്കുവെച്ചത്. പണമിടപാടുകളെ ചൊല്ലി ഇരുവരും തമ്മില്‍ അടുത്തിടെ തര്‍ക്കത്തിലായി. ഇതിനു പിന്നാലെ ജോബ് ഉപദ്രവിക്കുന്നെന്ന പരാതിയുമായി ഷേര്‍ളി കാഞ്ഞിരപ്പള്ളി പൊലീസിനെ സമീപിച്ചിരുന്നു. ഇതിനിടെ ഷേര്‍ളിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആക്ഷേപം ഉന്നയിച്ചും ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായിട്ടുണ്ട്. ഷേര്‍ളിയുടെ മൃതദേഹം കിടപ്പുമുറിയിലും ജോബിന്റെ മൃതദേഹം സ്റ്റെയര്‍കേസിനോട് ചേര്‍ന്നുമാണ് ഉണ്ടായിരുന്നത്. ഷെര്‍ളിയുടെ ശരീരത്തില്‍ നിരവധി മുറിവുകളുണ്ട്. ഫോറെന്‍സിക് സംഘം വീട്ടില്‍ എത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇരുവരുടേയും ബന്ധുക്കളില്‍നിന്ന് വിവരങ്ങള്‍ തേടിയിട്ടുണ്ട്.







