കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷക ടി ബി മിനിക്കെതിരെ വിചാരണക്കോടതി രൂക്ഷ വിമര്‍ശനം. വിചാരണ സമയത്ത് അഭിഭാഷക കോടതിയില്‍ വന്നത് പത്ത് ദിവസത്തില്‍ താഴെയാണെന്നും അരമണിക്കൂര്‍ മാത്രമാണ് അഭിഭാഷക കോടതിയില്‍ ഉണ്ടാകാറുള്ളതെന്നുമാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം. അഥവാ കോടതിയില്‍ ഉണ്ടാകുമ്പോള്‍ ഉറങ്ങുന്നതാണ് പതിവ്. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയെ കാണുന്നത്. എന്നിട്ടാണ് പുറത്തുപോയി കോടതിയെ വിമര്‍ശിക്കുന്നതെന്നും കോടതി വിമര്‍ശിച്ചു. കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് വിമര്‍ശനം. അതിജീവിതയുടെ അഭിഭാഷക ഇന്നും ഹാജരായിരുന്നില്ല.
ഈ ഘട്ടത്തിലാണ് അതിജീവിതയുടെ അഭിഭാഷക കോടതിയില്‍ ഇല്ലേയെന്ന് ചോദിച്ച് ചില പരാമര്‍ശങ്ങള്‍ കോടതി നടത്തിയത്. അതേസമയം ഒരിക്കലും ഒരു കോടതി അഭിഭാഷകയോട് പറയാന്‍ പാടില്ലാത്ത കാര്യമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഹൈക്കോടതി ഈ വിമര്‍ശനത്തെ വിലയിരുത്തട്ടെയെന്നും മിനി ഒരു മാധ്യമത്തോട് പറഞ്ഞു







