ബംഗളൂരു: വീടിനു അടിത്തറ ഉറപ്പിക്കാൻ മണ്ണ് നീക്കം ചെയ്യുന്നതിനിടയിൽ സ്വർണ്ണാഭരണങ്ങളടങ്ങിയ നിധി കണ്ടെത്തി. ഗഡഗ് ജില്ലയിലെ ലക്കുണ്ടി ഗ്രാമത്തിലാണ്
മാല, കമ്മലുകൾ എന്നിവയുൾപ്പെടെ വിവിധതരം ആഭരണങ്ങൾ അടങ്ങിയ 470 ഗ്രാം (59 പവൻ ) സ്വർണ്ണം നിർമ്മാണ തൊഴിലാളികൾ കണ്ടെത്തിയത്. നിധി സർക്കാർ പിടിച്ചെടുത്തു.
എട്ടാം ക്ലാസ് വിദ്യാർത്ഥിയായ പ്രജ്വൽ റിത്വികാണ് കുഴിയെടുക്കുന്നതിനിടയിൽ മണ്ണിൽ നിന്ന് ഇളകി വന്ന ചെമ്പ് പാത്രം കണ്ടെത്തിയത്. പാത്രത്തിനുളളിലായിരുന്നു ആഭരണങ്ങൾ .
കുട്ടി ഗ്രാമത്തിലെ മുതിർന്ന അംഗങ്ങളെ വിവരം സത്യസന്ധമായി അറിയിച്ചു. ഇതറിഞ്ഞു വിവിധ വകുപ്പുകളിൽ നിന്നുള്ള ജീവനക്കാരും മൂല്യനിർണ്ണയക്കാരും സ്ഥലത്തെത്തി. കലത്തിൽ സ്വർണ്ണാഭരണങ്ങൾക്കു പുറമെ മറ്റ് 22 വസ്തുക്കളും ഉണ്ടായിരുന്നു. ജീവനക്കാർ അതു പിടിച്ചെടുത്തുവെന്ന് ഗഡഗ് ജില്ല പൊലീസ് സൂപ്രണ്ട് രോഹൻ ജഗദീഷ് പറഞ്ഞു.






