‘ഡ്രഗ്‌സും റേപ്പ് കേസും ഉണ്ടായിട്ടും വേടന്‍ ജയിലില്‍ കിടന്നിട്ടില്ല, താന്‍ 16 ദിവസം കിടന്നു; പെണ്‍കുട്ടിയുടെ ഭര്‍ത്താവാണ് ശരിക്കും അതിജീവിതന്‍’ എന്ന് രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: താന്‍ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് കാട്ടി രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത നല്‍കിയ പരാതി തെറ്റാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. വീഡിയോ ചെയ്യുന്നതിലും മാധ്യമങ്ങളോട് സംസാരിക്കുന്നതിലും തനിക്ക് വിലക്കില്ലെന്ന് വ്യക്തമാക്കിയ രാഹുല്‍ ഈശ്വര്‍ ഡ്രഗ്‌സും റേപ്പ് കേസും ഉണ്ടായിട്ടും വേടന്‍ ജയിലില്‍ കിടന്നിട്ടില്ലെന്നും പരാതിയില്ലാതിരുന്നിട്ടും കള്ളക്കേസില്‍ കുടുക്കി താന്‍ 16 ദിവസം ജയിലില്‍ കിടന്നുവെന്നും ആരോപിച്ചു. ജയില്‍ മോചിതനായശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിലീപിനെ കള്ളക്കേസില്‍ ജയിലില്‍ ഇടാന്‍ സാധിക്കുമെങ്കില്‍ പിന്നെ ആരാണ് ഇവിടെ സേഫ് എന്ന് രാഹുല്‍ ഈശ്വര്‍ ചോദിച്ചു. എനിക്ക് ശക്തമായ എതിര്‍പ്പുള്ള ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പക്ഷെ അദ്ദേഹത്തിന് എതിരെ ഞാന്‍ കള്ളം പറയില്ല. ആളുകളെ പെടുത്തുന്ന പരിപാടി നിര്‍ത്തണം. ഇല്ലാത്ത പരാതിയുടെ പേരിലാണ് എന്നെ ക്രൂശിക്കുന്നത്. അങ്ങനെ ഒരു പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസില്‍ നിന്ന് അറിഞ്ഞത്. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷ കൊടുത്തിട്ടുണ്ട്. ഞാനും രാഹുല്‍ മാങ്കൂട്ടത്തിലും സുഹൃത്തുക്കള്‍ അല്ലെന്ന് പറഞ്ഞ രാഹുല്‍ ഞങ്ങളുടെ പുരുഷ കമ്മിഷനെ എതിര്‍ത്തത് രാഹുലാണെന്നും ഞങ്ങള്‍ വ്യത്യസ്ത രാഷ്ട്രീയം ഉള്ളവരാണെന്നും ചൂണ്ടിക്കാട്ടി.

അതിജീവിത എന്ന് പറയുന്ന പെണ്‍കുട്ടിയുടെ ഭര്‍ത്താവാണ് ശരിക്കും അതിജീവിതന്‍ എന്നും രാഹുല്‍ പറഞ്ഞു. അവനെ സപ്പോര്‍ട്ട് ചെയ്ത് കൊടുത്ത വിഡിയോ ആണ് ആ പെണ്‍കുട്ടിയെ പ്രകോപിപ്പിച്ചത്. അയാള്‍ക്കെതിരെ പരാതി കൊടുക്കാന്‍ പറ്റാത്തത് കൊണ്ടാണ് തനിക്കെതിരെ പരാതി കൊടുത്തതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. അവര്‍ പരാതിക്കാരി ആണ്, അതിജീവിത അല്ല. താന്‍ ഫോട്ടോ ഷെയര്‍ ചെയ്തിട്ടില്ലെന്നും ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ലെന്നും രാഹുല്‍ അറിയിച്ചു.

സ്ത്രീസുരക്ഷ എന്ന ആശയത്തെ അതിജീവിത ദുരുപയോഗം ചെയ്യുകയാണെന്നും രാഹുല്‍ ആരോപിച്ചു. പരാതിക്കാരി പറയുന്ന പീഡനാരോപണം നിലനില്‍ക്കില്ലെന്ന് രാഹുലിന്റെ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കോടതി ഉത്തരവിന്റെ പതിനാലാമത്തെ പേജില്‍ പറയുന്നുണ്ട്. പിന്നെ എങ്ങനെയാണ് അവര്‍ അതിജീവിത ആകുന്നതെന്നും രാഹുല്‍ ചോദിച്ചു. മാധ്യമങ്ങള്‍ അവരോടൊപ്പവും അയാളോടൊപ്പവും അല്ല നില്‍ക്കേണ്ടത്, സത്യത്തിനൊപ്പമാണ് നില്‍ക്കേണ്ടതെന്നും രാഹുല്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page