ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനെ ഐപിഎല്ലില്‍ നിന്ന് പുറത്താക്കണം; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ബിസിസിഐ

മുംബൈ: ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനെ ഐപിഎല്ലില്‍ നിന്ന് പുറത്താക്കാന്‍ ബിസിസിഐ
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ആവശ്യപ്പെട്ടു. ബംഗ്ലാദേശ് താരത്തെ ടീമിലെടുത്തതിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെയാണ് ബിസിസിഐയുടെ അസാധാരണ ഇടപെടല്‍.

കൊല്‍ക്കത്തയോട് ഔദ്യോഗികമായി തന്നെ ഇക്കാര്യം ആവശ്യപ്പെട്ടതായി ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയ സ്ഥിരീകരിച്ചു. മുസ്തഫിസുറിനു പകരം മറ്റൊരു താരത്തെ ഉള്‍പ്പെടുത്താന്‍ ടീമിനെ അനുവദിക്കുമെന്നും സൈകിയ വ്യക്തമാക്കി. 9.20 കോടി രൂപയ്ക്കാണ് ഐപിഎല്‍ ലേലത്തില്‍ മുസ്തഫിസുറിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. ഐപിഎലില്‍ ഒരു ബംഗ്ലാദേശ് താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. ബോളിവുഡ് താരം ഷാറൂഖിന്റെ ഉടമസ്ഥതയിലുള്ള ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്.

മുസ്തഫിസുര്‍ റഹ്‌മാനെ ഐപിഎല്‍ താരലേലത്തില്‍ വാങ്ങിയതിന്റെ പേരില്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം ഉടമ ഷാറുഖ് ഖാനെതിരെ ബിജെപി, ശിവസേന നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഒരു ബംഗ്ലാദേശി താരത്തെ വാങ്ങിയ ഷാറുഖ്, രാജ്യദ്രോഹിയാണെന്നും രാജ്യത്ത് തുടരാന്‍ അവകാശമില്ലെന്നും ബിജെപി നേതാവ് സംഗീത് സോം പറഞ്ഞിരുന്നു.

താരത്തെ കളിപ്പിച്ചാല്‍ ഐപിഎല്‍ മത്സരങ്ങള്‍ തടസ്സപ്പെടുത്തുമെന്ന് ഉജ്ജയിനിയിലെ മതനേതാക്കളും ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും ഷാറുഖ് ഖാനെയും പിന്തുണയ്ക്കുന്ന സമീപനമായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടേത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page