മംഗളൂരു: വീടിന്റെ ടെറസില്‍ നിന്ന് വീണ് യുവാവ് മരിച്ചു. ബണ്ട് വാള്‍ മൂഡനാട്‌ഗോട് സ്വദേശി ചന്ദ്ര പൂജാരിയുടെ മകന്‍ പ്രവീണ്‍ (26) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ബണ്ട് വാളിലെ ബാര്‍ ജീവനക്കാരനായിരുന്നു പ്രവീണ്‍. എല്ലാദിവസവും രാത്രി അത്താഴം കഴിച്ചതിന് ശേഷം ടെറസില്‍ പോയിരുന്ന് സഹോദരന്‍ പ്രസാദുമായി സംസാരിച്ച് സമയം ചെലവഴിക്കാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും രാത്രി ടെറസില്‍ കയറി സഹോദരനുമായി സംസാരിച്ചിരുന്നു. ഒരു ഫോണ്‍ വന്നതിനാല്‍ പ്രസാദ് താഴെയിറങ്ങി വീട്ടിനകത്ത് പോയിരുന്നു. ഈസമയത്ത് പ്രവീണ്‍ സുഹൃത്തിനെ ഫോണ്‍ വിളിച്ച് സംസാരിക്കുന്നതിനിടെ കാല്‍തെന്നി താഴെ വീഴുകയായിരുന്നു. ശബ്ദം കേട്ട് വീട്ടകാര്‍ എത്തിയപ്പോള്‍ പ്രവീണ്‍ അബോധാവസ്ഥയില്‍ വീണ് കിടക്കുന്നതാണ് കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ബുധനാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ബണ്ട്വാള്‍ റൂറല്‍ പൊലീസ് കേസെടുത്തു.







