കാസര്‍കോട്: പരാതി അന്വേഷിക്കാനെത്തിയ എക്‌സൈസ് സംഘത്തെ ആക്രമിച്ച യുവാവിനെ മെത്തഫെറ്റമിന്‍ മയക്കുമരുന്നുമായി അറസ്റ്റു ചെയ്തു. പനയാല്‍ കരുവാക്കോട്ടെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുഹമ്മദ് ദില്‍ഷാദി(20)നെയാണ് ഹൊസ്ദുര്‍ഗ് എക്‌സൈസ് അറസ്റ്റു ചെയ്തത്.
ബുധനാഴ്ച വൈകുന്നേരം നാലരമണിയോടെയാണ് കേസിനാസ്പദമായ സംഭവം. ദില്‍ഷാദിനെതിരെ ലഭിച്ച പരാതി അന്വേഷിക്കുന്നതിനാണ് ഹൊസ്ദുര്‍ഗ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഇ.വി ജിഷ്ണു കുമാര്‍ (29), എക്‌സൈസ് ഉദ്യോഗസ്ഥരായ കെ.വി അനീഷ് (25), ടി. രാഹുല്‍ (25) എന്നിവര്‍ കരുവാക്കോട് എത്തിയത്.
ഈ സമയത്ത് ദില്‍ഷാദ് എക്‌സൈസ് സംഘത്തെ കയ്യേറ്റം ചെയ്യുകയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തതായി ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. ഇയാളില്‍ നിന്നു 2.41 ഗ്രാം മെത്താഫെറ്റമിന്‍ കണ്ടെടുത്തതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
എക്‌സൈസ് സംഘത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി.എ അജൂബ്, കെവി അനീഷ്, ടി. രാഹുല്‍, രാജീവന്‍, പി. ശുഭ എന്നിവരും ഉണ്ടായിരുന്നു.







