കോഴിക്കോട്: കൈതപ്പൊയിലില്‍ യുവതിയെ വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാക്കൂര്‍ സ്വദേശി ഹസ്ന(34)യാണ് മരിച്ചത്. വിവാഹമോചിതയായ ഹസ്സ കഴിഞ്ഞ എട്ടു മാസത്തോളമായി പുതുപ്പാടി സ്വദേശിയായ ആദില്‍ എന്ന യുവാവിനൊപ്പമാണ് താമസിക്കുന്നത്. നിയമപരമായി ഇരുവരും വിവാഹം കഴിച്ചിട്ടില്ല. ചൊവ്വാഴ്ച രാവിലെ മുറി തുറക്കാത്തതിനെത്തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ചപ്പോള്‍ ഹസ്നയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയെന്നാണ് യുവാവിന്റെ മൊഴി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കൂടുതല്‍ വ്യക്തത വരുകയുള്ളു എന്ന് പൊലീസ് അറിയിച്ചു. 13 വയസ്സുള്ള മൂത്ത മകൻ ഹസ്നക്കൊപ്പം ആണ് താമസിക്കുന്നത്. മറ്റ് രണ്ടു മക്കളേയും മുൻ ഭർത്താവ് കാണിച്ചു കൊടുക്കാത്തതിലും മറ്റും ഹസ്‌നക്ക് മനോവിഷമം ഉണ്ടായിരുന്നതായി പറയപ്പെടുന്നു.







