ആന്ധ്രയില്‍ ടാറ്റ നഗര്‍-എറണാകുളം എക്‌സ്പ്രസ് ട്രെയിനിന് തീപിടിച്ചു; ഒരു മരണം; രണ്ട് ബോഗികൾ പൂർണമായും കത്തിനശിച്ചു

വിശാഖപട്ടണം: കേരളത്തിലേക്ക് വരികയായിരുന്ന ടാറ്റാ നഗർ – എറണാകുളം എക്സ്പ്രസ് ട്രെയിനിന് തീപിടിച്ചു. ഒരാൾ മരിച്ചു. രണ്ട് എസി കോച്ചുകൾ പൂർണമായും കത്തി നശിച്ചു. ബി കോച്ചുകളിൽ ഉണ്ടായിരുന്ന 158 യാത്രക്കാരെ രക്ഷപ്പെടുത്തി. ചന്ദ്രശേഖര്‍ സുന്ദരം (70) എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെ ട്രെയിൻ അനകാപള്ളി ജില്ലയിലെ യെലമഞ്ചലി സ്റ്റേഷന് സമീപം എത്തിയപ്പോഴാണ് തീപിടിത്തം ഉണ്ടായത്. വിശാഖപട്ടണത്ത് നിന്ന് 66 കിലോമീറ്റർ അകലെയാണ് ഈ സ്റ്റേഷൻ. തീപിടിത്തമുണ്ടായപ്പോൾ ഒരു കോച്ചിൽ 82 യാത്രക്കാരും രണ്ടാമത്തെ കോച്ചിൽ 76 യാത്രക്കാരുമുണ്ടായിരുന്നു. തീപിടിത്തം ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റുമാർ ഉടൻ തന്നെ ട്രെയിൻ നിർത്തി. യാത്രക്കാർ കോച്ചുകളിൽ നിന്ന് പുറത്തേക്ക് ഇറങ്ങി ഓടി. ഫയർ എഞ്ചിനുകൾ എത്തുന്നതിനുമുമ്പ്, രണ്ട് കോച്ചുകളും പൂർണമായും കത്തിനശിച്ചിരുന്നു.രക്ഷാപ്രവർത്തനത്തിന് മുതിർന്ന റെയിൽവെ ഉദ്യോഗസ്ഥർ നേതൃത്വം നൽകി. യാത്രക്കാരെ ഉടനെ പുറത്തിറക്കാൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായെന്നും യാത്രക്കാർ സുരക്ഷിതരാണെന്നും ദക്ഷിണ മേഖലാ റെയിൽവേ അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. സമഗ്രമായ അന്വേഷണം നടത്തുമെന്ന് റെയിൽവെ അറിയിച്ചു. സംഭവത്തെത്തുടർന്ന് വിശാഖപട്ടണം – വിജയവാഡ റൂട്ടിലെ നിരവധി ട്രെയിനുകൾ റദ്ദാക്കി. കത്തിനശിച്ച 1, എം 2 കോച്ചുകൾ നീക്കം ചെയ്ത ശേഷം ടാറ്റാനഗർ – എറണാകുളം എക്സ്പ്രസ് യാത്ര പുനരാരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page