കാസര്‍കോട്: പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് മുടങ്ങി. സ്ഥാനാര്‍ത്ഥിയെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്നാണിത്.
പ്രസിഡന്റ് തിരഞ്ഞെടുപ്പ് യോഗത്തില്‍ കോണ്‍ഗ്രസ് അംഗങ്ങളും ഒരു ബിജെപി അംഗവും പങ്കെടുത്തില്ല. ഇതിനെ തുടര്‍ന്ന് യോഗം മാറ്റി വച്ചു. 19 അംഗ പഞ്ചായത്തില്‍ ഇരുമുന്നണികള്‍ക്കും 9 വീതം സീറ്റുണ്ട്. ഒരു സീറ്റ് ബിജെപിക്കാണ്. ബിജെപി അംഗം ആരെയും പിന്തുണച്ചില്ലെങ്കില്‍ നറുക്കെടുപ്പിലൂടെയായിരുന്നു പഞ്ചായത്ത് പ്രസിഡണ്ടിനെ തിരഞ്ഞെടുക്കേണ്ടിയിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് സമയത്തും പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായി തുടരുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നത്. കോണ്‍ഗ്രസിലെ ഉഷ എന്‍ നായരെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ വാദിച്ചു. അതേ സമയം കാര്‍ത്യായനിയുടെ പേര് മറു വിഭാഗം കോണ്‍ഗ്രസുകാര്‍ ഉന്നയിച്ചു. ഇതോടെയാണ് തര്‍ക്കം തുടങ്ങിയത്. വെള്ളിയാഴ്ച രാത്രിയോടെ ഉഷ എന്‍ നായരെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടി ഔദ്യോഗികമായി തീരുമാനിക്കുകയും അംഗങ്ങള്‍ക്കു വിപ്പു നല്‍കുകയും ചെയ്തു. എന്നാല്‍ കാര്‍ത്യായനി, രതീഷ് തുടങ്ങി മൂന്നു കോണ്‍ഗ്രസ് അംഗങ്ങള്‍ പാര്‍ട്ടിയുടെ വിപ്പ് തിരസ്‌കരിച്ചു.
പ്രശ്‌നത്തില്‍ കെപിസിസി നേതൃത്വം ഇടപെട്ടുവെങ്കിലും കാര്‍ത്യായനിയും രതീഷും അനുനയത്തിനു തയ്യാറായില്ല. ബിജെപി അംഗം സന്തോഷ് പഞ്ചായത്തില്‍ എത്തിയെങ്കിലും യോഗത്തില്‍ ഹാജരായില്ല. എല്‍ഡിഎഫ് അംഗങ്ങള്‍ മാത്രം ഹാജരായതിനാല്‍ യോഗം ചേരുന്നതിനുള്ള കോറം തികഞ്ഞില്ല. പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ പഞ്ചായത്ത് ഭരണ സമിതി യോഗം തിങ്കളാഴ്ച വീണ്ടും ചേരാന്‍ തീരുമാനിച്ചു. ഇന്നത്തെ യോഗം കോറം തികയാത്തതു കൊണ്ടു പിരിഞ്ഞു.







