കാസര്‍കോട്: പത്തുവീതം സീറ്റു നേടി യു ഡി എഫും ബി ജെ പിയും സമനിലയില്‍ തുടരുന്ന ബദിയഡുക്ക പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ ചൊല്ലി യു ഡി എഫില്‍ തര്‍ക്കം രൂക്ഷമായി തുടരുന്നു.21 അംഗ പഞ്ചായത്ത് ബോര്‍ഡില്‍ ബി ജെ പിക്കും യു ഡി എഫിനും പത്തു സീറ്റുകള്‍ വീതമുണ്ട്. സി പി എമ്മിനാണ് ഒരെണ്ണം. യു ഡി എഫിന്റെ പത്ത് സീറ്റുകള്‍ ആറെണ്ണം മുസ്ലീംലീഗിനും നാലെണ്ണം കോണ്‍ഗ്രസിനുമാണ്. വലിയ കക്ഷിയായ തങ്ങള്‍ക്ക് പ്രസിഡണ്ട് സ്ഥാനം വേണമെന്നാണ് മുസ്ലീം ലീഗിന്റെ നിലപാട്. അതിന് വേണ്ടിയാണ് നേരത്തെ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന മാഹിന്‍ കേളോട്ട് വീണ്ടും മത്സരിച്ചു വിജയിച്ചത്.
എന്നാല്‍ യു ഡി എഫിന് ഭൂരിപക്ഷം കിട്ടിയാല്‍ കോണ്‍ഗ്രസ് നേതാവ് ശ്യാംപ്രസാദ് മാന്യയെ പ്രസിഡണ്ട് ആക്കുമെന്നു വോട്ടര്‍മാര്‍ക്ക് വാഗ്ദാനം നല്‍കിയാണ് യു ഡി എഫ് തിരഞ്ഞെടുപ്പിന് വോട്ടഭ്യര്‍ത്ഥന നടത്തിയതെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.
തര്‍ക്കം പരിഹരിക്കുന്നതിനു പ്രാദേശിക നേതൃത്വം നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടതിനാല്‍ വ്യാഴാഴ്ച രാത്രി എം എല്‍ എയുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ ഇരുപക്ഷവും മുന്‍ നിലപാടുകളില്‍ ഉറച്ചു നിന്നതോടെ ചര്‍ച്ച പൊളിഞ്ഞു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വീണ്ടും യോഗം ചേരാമെന്നു തീരുമാനിച്ചാണ് എല്ലാവരും പിരിഞ്ഞത്. ശനിയാഴ്ചയാണ് ഗ്രാമപഞ്ചായത്തു പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ്.
അതേസമയം ബി ജെ പിയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി ഡി ശങ്കരയെ നേരത്തെ തീരുമാനിച്ചിരുന്നു.







