മൊഗ്രാല്‍പുത്തൂരില്‍ ലീഗിന്റെ അധികാര ആധിപത്യം തുടരുമോ?: തീരുമാനിക്കുന്നത് പഞ്ചായത്തിലെ ഏക സ്വതന്ത്ര അംഗം

കാസര്‍കോട്: പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിജയികള്‍ നാളെ സത്യപ്രതിജ്ഞ ചെയ്തു പഞ്ചായത്തു മെമ്പര്‍മാരാവാന്‍ കാത്തു നില്‍ക്കെ പല പഞ്ചായത്തുകളും ആരു ഭരിക്കുമെന്ന ആശങ്കയിലാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും. കാസര്‍കോട് ജില്ലയിലെ പത്തോളം ഗ്രാമപഞ്ചായത്തുകളില്‍ കക്ഷിരഹിതരുടെ പിന്തുണയില്ലാതെ അധികാരം സ്ഥാപിക്കാന്‍ കഴിയാത്ത അവസ്ഥ എല്ലാ മുന്നണികളും അഭിമുഖീകരിക്കുന്നു.
ഇതില്‍ ഒരു പഞ്ചായത്ത് മൊഗ്രാല്‍പുത്തൂരാണ്. ഈ പഞ്ചായത്തിലെ 17 വാര്‍ഡുകളില്‍ ഏഴു വാര്‍ഡുകളില്‍ വിജയിച്ച മുസ്ലിം ലീഗ് ഏറ്റവും വലിയ ഒറ്റകക്ഷിയാണ്. കോണ്‍ഗ്രസിന് ഇവിടെ ഒരു സീറ്റുണ്ട്. മുസ്ലിം ലീഗ് പിന്തുണച്ച ഒരു വനിതാ സ്ഥാനാര്‍ത്ഥിയും വിജയിച്ചിട്ടുണ്ട്.
പഞ്ചായത്ത് രൂപം കൊണ്ടതു മുതല്‍ മുസ്ലിം ലീഗാണ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഭരിക്കുന്നത്. ഇത്തവണയും അതാവര്‍ത്തിക്കുമെന്നു പാര്‍ട്ടി നേതൃത്വം പറയുന്നെങ്കിലും ആര്‍ക്കും അതുറപ്പിക്കാന്‍ കഴിയുന്നില്ല. 17 അംഗങ്ങളില്‍ സ്വതന്ത്രയുള്‍പ്പെടെ 9 അംഗങ്ങളുടെ പിന്തുണ മുസ്ലിം ലീഗ് മുന്നണിക്കുണ്ടെന്ന് പറയുന്നുണ്ട്. ഏഴ് മുസ്ലിം ലീഗ്, ഒരു കോണ്‍ഗ്രസ്, ഒരു സ്വതന്ത്ര. അതേ സമയം ബിജെപിക്കു നാലും, ഐഎന്‍എല്ലിനും എസ്ഡിപിഐക്കും രണ്ടു വീതം ജനപ്രതിനിധികളുമുണ്ട്.
പ്രതിപക്ഷത്തുള്ള മൂന്നു പാര്‍ട്ടികളും അധികാരത്തിനു വേണ്ടി ഒന്നിക്കാനുള്ള സാധ്യതയില്ലെന്നു പൊതുവെ കരുതുന്നുണ്ടെങ്കിലും മൊഗ്രാല്‍പുത്തൂരില്‍ അങ്ങനെ തന്നെ സംഭവിക്കുമെന്നു ആരും വിചാരിക്കുന്നില്ല. കാരണം ലീഗിന്റെ പഞ്ചായത്തിലെ ഭരണകുത്തക ഒരു തവണ തകര്‍ത്താല്‍ പിന്നീട് ആധിപത്യത്തിന്റെ പാരമ്പര്യം പറഞ്ഞു വരാന്‍ ലീഗിനു കുറേ വിഷമിക്കേണ്ടി വരുമെന്നു കരുതുന്നവരുണ്ട്. മാത്രമല്ല അത്തരമൊരു സാഹചര്യമുണ്ടാക്കുന്നതിനു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു വിജയിച്ച പ്രതിനിധിയെ പഞ്ചായത്ത് പ്രസിഡന്റാക്കി അവര്‍ക്കു നാഷണല്‍ ലീഗും ബിജെപിയും എസ്ഡിപിഐയും പിന്തുണച്ചു കൂടെന്നില്ലെന്നും ആളുകള്‍ കരുതുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജനറലായ പഞ്ചായത്തില്‍ മുസ്ലിം ലീഗിന്റെ മണ്ഡലം ജനറല്‍ സെക്രട്ടറിയായ കെ.എ അബ്ദുല്ല കുഞ്ഞി പഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതിനാല്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അദ്ദേഹത്തിനു നല്‍കണമെന്നു പാര്‍ട്ടിയില്‍ നിലപാടുണ്ട്. മാത്രമല്ല, നേരത്തെ ഇദ്ദേഹം പഞ്ചായത്ത് പ്രസിഡന്റായിരുന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ പിന്തുണ മുന്നണിക്കു ഉറപ്പാക്കുന്നതിനും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സ്വതന്ത്ര അംഗത്തിനു നല്‍കാനിടയില്ലെന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ വിലയിരുത്തുന്നുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനം ഏക അംഗമുള്ള കോണ്‍ഗ്രസിനു നല്‍കാന്‍ ലീഗിനു താല്‍പര്യമില്ല. അതേ സമയം അതും സ്വതന്ത്ര അംഗത്തിനു നല്‍കുമെന്ന് നേതൃത്വം ഉറപ്പാക്കുന്നതുമില്ല. എങ്കിലും ഏതെങ്കിലുമൊരു സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സ്ഥാനത്തേക്ക് അവരെ പരിഗണിക്കാവുന്നതാണെന്നു ലീഗില്‍ അഭിപ്രായവുമുണ്ട്. ഈ സാഹചര്യത്തില്‍ പ്രധാന അധികാര സ്ഥാനം നല്‍കി തങ്ങളുടെ കെട്ടുറപ്പു നിലനിറുത്താന്‍ ലീഗ് ശ്രമിക്കുമോ ഇല്ലയോ എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയേയും ഇടത് മുന്നണിയേയും പരാജയപ്പെടുത്തി മെമ്പറായ സ്വതന്ത്ര അംഗം അവരുടെ പിന്തുണ സ്വീകരിക്കില്ലെന്നും ലീഗ് കരുതുന്നുണ്ട്. എന്നാല്‍ സംഗതി രാഷ്ട്രീയമായതു കൊണ്ടു തെളിഞ്ഞു വരുന്ന അവസരം സ്വന്തമാക്കാനുള്ള മനോഭാവത്തില്‍ നിന്നു സ്വതന്ത്ര അംഗം പിന്‍മാറുമോ എന്ന് കണ്ടറിയേണ്ടതുണ്ട്. വലിയ സമ്മര്‍ദ്ദമൊന്നുമില്ലാതെ പഞ്ചായത്തിലെ പ്രധാന അധികാരസ്ഥാനം ഉറപ്പാവുന്നതു ഉപേക്ഷിക്കപ്പെടുമോ എന്ന കാര്യവും കണ്ടറിയേണ്ടതായുണ്ട്.
എന്തായാലും മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തില്‍ ഇരുമുന്നണികളും പാര്‍ട്ടികളും സ്വതന്ത്ര അംഗത്തെ ഒപ്പം നിറുത്താനും അധികാരം ഉറപ്പിക്കാനും പിടിച്ചെടുക്കാനുമുള്ള ഭഗീരഥ പ്രയത്‌നത്തിലാണെന്നറിയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page