കോട്ടയം : ചെറുവള്ളി ക്ഷേത്രത്തിലെ ജഡ്ജിയമ്മാവന്‍ നടയില്‍ ദര്‍ശനം നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. തിങ്കളാഴ്ച വൈകുന്നേരമാണ് രാഹുല്‍ ക്ഷേത്രത്തില്‍ എത്തിയത്. ക്ഷേത്രത്തില്‍ വഴിപാട് നടത്തിയശേഷം അദ്ദേഹം മടങ്ങി. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഈ മാസം 18-ാം തീയതി പരിഗണിക്കാനിരിക്കെയാണ് അദ്ദേഹം ജഡ്ജിയമ്മാവന്‍ നടയില്‍ ദര്‍ശനം നടത്തിയത്. ബലാൽസംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മൂൻകൂർ ജാമ്യം നൽകിയതിനെതിരെ സർക്കാർ സമർപ്പിച്ച ഹർജി ക്രിസ്തുമസ് അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്. തിങ്കളാഴ്ച സിംഗിൾ ബെഞ്ച് കേസ് പരിഗണിച്ചയുടനെ വിശദമായ വാദം കേൾക്കണമെന്ന് രാഹുലിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. ജഡ്ജിയമ്മാവന്‍ കോവിലില്‍ എത്തി പ്രാര്‍ത്ഥിച്ചാല്‍ കേസ് സംബന്ധമായ കാര്യങ്ങള്‍ ശുഭകരമായി അവസാനിക്കുമെന്നാണ് വിശ്വാസം. കോടതി നടപടികള്‍ കാത്തിരിക്കുന്നവരാണ് പൊതുവെ ജഡ്ജി അമ്മാവന്‍ ക്ഷേത്രത്തില്‍ എത്താറുളളത്. നേരത്തെ നടന്‍ ദിലീപും ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥന നടത്തിയിരുന്നു. അമ്മാവന്റെ മുന്നില്‍ നീതിയുടെ പ്രസാദം തേടിയെത്തിയവരില്‍ ക്രിക്കറ്റ് താരം ശ്രീശാന്തും സിനിമാതാരം ലിസിയും ദിലീപിന്റെ സഹോദരനും ഉള്‍പ്പെടും. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള സംഘം ഒരാഴ്ചയോളം ഇവിടെ പ്രത്യേക വഴിപാടിനായി എത്തിയിരുന്നു. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിയ്ക്കാത്ത നിരവധി പ്രശസ്തരായ സിനിമാതാരങ്ങളും ജഡ്ജിമാരും ഇവിടം സന്ദര്‍ശിക്കാന്‍ എത്താറുണ്ട്.







