കാസര്‍കോട്: കള്ളാര്‍ പുഞ്ചക്കര കോട്ടക്കുന്നിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ പുലിയുടെ ജഡം കണ്ടെത്തി. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് നാട്ടുകാര്‍ കോട്ടക്കുന്നിലെ ചാരാത്ത് ഷാജിയുടെ ആളൊഴിഞ്ഞ പറമ്പില്‍ പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്. ജഡത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നു കരുതുന്നു. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി. കണ്ണൂരില്‍ നിന്ന് വനം വകുപ്പ് വെറ്ററിനറി സര്‍ജന്‍ ഡോ.ബി ഇല്യാസ് റാവുത്തര്‍ സ്ഥലത്തെത്തും. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ രാഹുല്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എംപി രാജു എന്നിവര്‍ സ്ഥലത്തുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് അധികൃതര്‍ അറിയിച്ചു.






