കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിവേഗ അപ്പീല്‍ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. വിചാരണക്കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനായി നടപടികള്‍ ആരംഭിച്ചു. അപ്പീല്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്ത് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സര്‍ക്കാരിന് കത്ത് നല്‍കി. പ്രോസിക്യൂട്ടറുടെ അപേക്ഷ കിട്ടിയാല്‍ നിയമോപദേശം നല്‍കുമെന്ന് ഡിജിപി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. അപ്പീല്‍ സാധ്യത പരിശോധിച്ച് ഉടന്‍ തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം.
അതേസമയം, അതീജീവിതയ്ക്ക് പിന്തുണയുമായി കൂടുതല്‍ നടിമാര്‍ രംഗത്തുവന്നു. നടിയെ ആക്രമിച്ച കേസില്‍ വെള്ളിയാഴ്ചയാണ് കോടതി വിധി പറഞ്ഞത്. പ്രതികളുടെ കുടുംബ പശ്ചാത്തലം, പ്രായം എന്നിവ കണക്കിലെടുത്തായിരുന്നു വിധി പ്രസ്താവം. ആറുവരെയുള്ള പ്രതികള്‍ക്ക് 20 വര്‍ഷത്തെ കഠിന തടവാണ് വിധിച്ചത്. എട്ടാം പ്രതിയായ ദിലീപിനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനെതിരെയാണ് അപ്പീല്‍ നല്‍കുന്നത്.
അതിനിടെ വിധി ന്യായത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ആക്രമിക്കപ്പെട്ട നടിയോട് നടന്‍ ദിലീപിന് തീര്‍ത്താല്‍ തീരാത്ത ശത്രുതയുണ്ടായിരുന്നുവെന്ന പ്രോസിക്യൂഷന്‍ വാദത്തിന് തെളിവില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. അതിജീവിതയുടെ അവസരങ്ങള്‍ ദിലീപ് ഇടപെട്ട് ഇല്ലാതാക്കി എന്നത് തെളിയിക്കാനായില്ല. യൂറോപ്യന്‍ യാത്രയ്ക്കിടെ ദിലീപുമായി സംസാരിച്ചിരുന്നില്ലെന്ന നടിയുടെ മൊഴിയും വിശ്വസനീയമല്ലെന്ന് വിചാരണ കോടതിയുടെ വിധി ന്യായത്തില്‍ പറയുന്നു. ഇരുവരും ഒരുമിച്ചുള്ള സിനിമകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. വര്‍ഷം രണ്ടോ മൂന്നോ സിനിമകളില്‍ അഭിനയിച്ചിരുന്നതായി നടി തന്നെ പറയുന്നുണ്ട്. അവസരം നിഷേധിച്ച എതെങ്കിലും പ്രോജക്ടുകള്‍, സംഭവങ്ങള്‍ കോടതിയില്‍ കൃത്യമായി സ്ഥാപിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞില്ല.
കാവ്യ മാധവനുമായി അക്കാലത്തുണ്ടായിരുന്ന ബന്ധത്തെപ്പറ്റി ഭാര്യയായിരുന്ന മഞ്ജു വാര്യരോട് പറഞ്ഞതിലുള്ള കടുത്ത വിരോധത്തെത്തുടര്‍ന്നാണ് ദിലീപ് പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ കൊടുത്തത് എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. നടിയുമായി ദിലീപിന് അത്ര അടുപ്പമുണ്ടായിരുന്നില്ലെങ്കിലും ബലാത്സംഗത്തിന് ക്വട്ടേഷന്‍ കൊടുക്കാന്‍ മാത്രമുള്ള ശത്രുതയ്ക്ക് തെളിവില്ലെന്നും വിധിന്യായത്തിലുണ്ട്. 2012ലെ യൂറോപ്യന്‍ സ്റ്റേജ് ഷോയ്ക്കിടെ ദിലീപ് ഭീഷണിപ്പെടുത്തി എന്നതിനും തെളിവില്ലെന്നാണ് വിധിന്യായത്തില്‍ പറയുന്നത്.







