മധുര: ക്ലാസ് മുറിയില്‍ ഇരുന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനികള്‍ മദ്യപിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ 6 വിദ്യാര്‍ഥിനികളെ സ്‌കൂളില്‍ നിന്നും പുറത്താക്കി. തിരുനെല്‍വേലിയിലെ പാളയംകോട്ടൈയിലുള്ള മുരുകന്‍കുറിച്ചിയിലെ എയ്ഡഡ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം നടന്നത്. വീഡിയോയില്‍, അവര്‍ സ്‌കൂള്‍ മുറിയിലെ തറയില്‍ ഇരുന്നു ഡിസ്‌പോസിബിള്‍ കപ്പുകളില്‍ മദ്യം ഒഴിച്ച് കുടിക്കുന്നത് കാണാം. യൂനിഫോമിലുള്ള 6 വിദ്യാര്‍ഥിനികളാണ് പരസ്യമായി മദ്യപിച്ചത്. അവരില്‍ ഒരാള്‍ മൊബൈല്‍ ഫോണില്‍ ഇത് പകര്‍ത്തിയതായും മറ്റൊരു ആണ്‍കുട്ടി വഴി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചുവെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ രക്ഷിതാക്കളിലും നാട്ടുകാരിലും വിഷയം ചര്‍ച്ചയായി. ഇതോടെ സ്‌കൂള്‍ മാനേജ്‌മെന്റ് നടത്തിയ അന്വേഷണത്തില്‍ ഇത് തങ്ങളുടെ സ്‌കൂളിലാണെന്ന് സ്ഥിരീകരിച്ചു. വിദ്യാര്‍ഥിനികളെ വിളിപ്പിച്ച് സംസാരിച്ചതോടെ അവര്‍ കുറ്റസമ്മതം നടത്തി. എന്നാല്‍ സമൂഹത്തിന് മുന്നില്‍ സ്‌കൂളിന് ചീത്തപ്പേര് കേള്‍ക്കേണ്ടി വന്നതിനാല്‍ 6 പേരെയും സസ്‌പെന്റ് ചെയ്യാനാണ് മാനേജ്‌മെന്റ് തീരുമാനിച്ചത്. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് പരീക്ഷയ്ക്കായി സ്‌കൂള്‍ വരാന്‍ അനുവാദം നല്‍കി. സ്‌കൂളില്‍ മറ്റു വിദ്യാര്‍ഥികള്‍ ഇല്ലാത്ത സമയത്താണ് പെണ്‍കുട്ടികള്‍ മദ്യപിച്ചത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം എത്തിച്ചു നല്‍കിയവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യ വിദ്യാഭ്യാസ ഓഫീസര്‍ എം ശിവകുമാര്‍ പറഞ്ഞു. അതേസമയം, പിഎംകെ നേതാവ് ഡോ. അന്‍ബുമണി രാമദാസ് എക്സിലെ ഒരു പോസ്റ്റില്‍, സംഭവത്തില്‍ പ്രതികരിച്ചു. ഡിഎംകെ സര്‍ക്കാര്‍ യുവതലമുറയെ മദ്യത്തിന്റെ അടിമകളാക്കി മാറ്റിയിരിക്കുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ക്ക് കൈയ്യെത്തും ദൂരത്തും കുറഞ്ഞ ദൂരത്തിലും മദ്യം ലഭ്യമാകുമ്പോള്‍, കൗമാരക്കാരുടെ മാനസികാവസ്ഥ അവരെ പ്രലോഭിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു,







