തിരുവനന്തപുരം: മുന്‍ എം.എല്‍.എയും ചലച്ചിത്ര സംവിധായകനുമായ പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കി പൊലീസ്. പി ടി കുഞ്ഞുമുഹമ്മദിനെതിരെ വനിതാ ചലച്ചിത്ര പ്രവര്‍ത്തക നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവ സമയത്ത് കുഞ്ഞുമുഹമ്മദ് ഹോട്ടലിലുണ്ടെന്നുള്ളതിന് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ തെളിവാണെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസില്‍ പി ടി കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് തിരുവനന്തപുരം സെഷന്‍സ് കോടതി പൊലീസിനോട് റിപ്പോര്‍ട്ട് തേടിയത്. ഐ.എഫ്.എഫ്.കെയിലേക്കുള്ള സിനിമകളുടെ തെരഞ്ഞെടുപ്പിനായുള്ള ജൂറി ചെയര്‍മാനായിരുന്നു കുഞ്ഞുമുഹമ്മദ്. കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ ജൂറി അംഗമായ സ്ത്രീയോട് ഹോട്ടല്‍ മുറിയില്‍ വച്ച് മോശമായി പെരുമാറിയെന്നാണ് കേസ്. കഴിഞ്ഞ മാസം ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് ചലച്ചിത്ര പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി കന്റോണ്‍മെന്റ് പൊലീസിന് കൈമാറുകയായിരുന്നു. പൊലീസിനോടും ചലച്ചിത്ര പ്രവര്‍ത്തക പരാതി ആവര്‍ത്തിച്ചു.
തലസ്ഥാനത്തെ ഒരു ഹോട്ടലിലാണ് ജൂറി അംഗങ്ങള്‍ താമസിച്ചിരുന്നത്. സ്‌ക്രീനിംഗിന് ശേഷം ഹോട്ടലില്‍ തിരിച്ചെത്തിയ സമയത്ത് കുഞ്ഞുമുഹമ്മദ് മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി. പരാതിയില്‍ പറയുന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പൊലീസ് കേസെടുത്തത്. പരാതി നിഷേധിച്ച കുഞ്ഞുമുഹമ്മദ് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്നും അവരോട് മാപ്പ് പറയാന്‍ തയ്യാറാണെന്നും അറിയിച്ചിരുന്നു.







