കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ രണ്ടാമത്തെ ബലാത്സംഗ കേസില്‍ അപ്പീല്‍ പരിഗണിക്കുന്നത് ക്രിസ്മസ് അവധിക്ക് ശേഷമെന്ന് ഹൈക്കോടതി. രാഹുലിന് മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നതാണ് മാറ്റിയത്. മറുപടി നല്‍കാന്‍ സമയം വേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി പരിഗണിക്കുകയായിരുന്നു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്.
അതേസമയം രാഹുലിനെതിരായ ആദ്യത്തെ പരാതിയില്‍ വിശദമായ വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു. ആദ്യത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സെഷന്‍സ് കോടതി നടപടിക്കെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ ഹര്‍ജിയിലാണ് വാദം കേള്‍ക്കുക. ഈ കേസില്‍ രാഹുലിനെ തല്‍ക്കാലത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് കോടതി കഴിഞ്ഞയാഴ്ച നിര്‍ദേശിച്ചിരുന്നു.







