ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തദ്ദേശ തിരഞ്ഞെടുപ്പിനിടെ വൈറലായ പാരഡി ഗാനം യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ ആലപിച്ച് പ്രതിഷേധിച്ചു. ‘സ്വര്‍ണം കട്ടവര്‍ ആരപ്പാ, സഖാക്കളാണേ അയ്യപ്പാ’ എന്ന ഗാനമാണ് നേതാക്കള്‍ പാടിയത്. അമ്പലം വിഴുങ്ങിയായ പിണറായി വിജയന്‍ ഉടന്‍ രാജിവെച്ച്
പുറത്തുപോകണമെന്ന മുദ്രാവാക്യവുമുയര്‍ത്തിയായിരുന്നു പ്രതിഷേധം.
ശബരിമല വിഷയത്തില്‍ കോടതി നിരീക്ഷണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിഷേധ പ്രകടനം ആവശ്യപ്പെട്ടു. രാവിലെ 10.30 യോടെയായിരുന്നു യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റേയും ആന്റോ ആന്റണി എംപിയുടെയും നേതൃത്വത്തില്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയത്.
യുഡിഎഫ് എംപിമാരുടെ പ്രതിഷേധം ഉത്തരേന്ത്യയില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള എംപിമാര്‍ക്ക് കൗതുകമായി. പല എംപിമാരും പാട്ട് കേള്‍ക്കാന്‍ പ്രതിഷേധക്കാര്‍ക്കൊപ്പം ചേര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമല വിഷയം ലോക്‌സഭയുടെ ശൂന്യവേളയില്‍ കെ.സി.വേണുഗോപാല്‍, ആന്റോ ആന്റണി, ഹൈബി ഈഡന്‍ തുടങ്ങിയവര്‍ ഉന്നയിച്ചിരുന്നു.







