പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന കേസില്‍ ഒടുവില്‍ 16 ദിവസത്തെ റിമാന്‍ഡിനുശേഷം രാഹുല്‍ ഈശ്വറിന് ജാമ്യം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ പീഡനക്കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന കേസില്‍ 16 ദിവസത്തെ റിമാന്‍ഡിനുശേഷം രാഹുല്‍ ഈശ്വറിന് ജാമ്യം. രണ്ടു തവണ ജാമ്യാപേക്ഷ തള്ളിയതിനു ശേഷമാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും 16 ദിവസമായി ജയിലില്‍ കിടക്കുകയാണെന്നും രാഹുല്‍ ഈശ്വര്‍ കോടതിയില്‍ പറഞ്ഞു.

അതേസമയം, അന്വേഷണവുമായി സഹകരിക്കാത്തത് കാരണമാണ് രണ്ടുതവണ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയതെന്നു പ്രോസിക്യൂഷന്‍ അറിയിച്ചു. സാക്ഷികളെ സ്വാധീനിക്കരുത്, മറ്റു കേസുകളില്‍ അകപ്പെടാന്‍ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്.

ഇക്കഴിഞ്ഞ നവംബര്‍ 30ന് വൈകിട്ടാണ് അതിജീവിതയുടെ പരാതിയില്‍ കേസെടുത്ത സൈബര്‍ പൊലീസ് രാഹുല്‍ ഈശ്വറിനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തത്. എ ആര്‍ ക്യാമ്പിലേക്ക് കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്തതിനുശേഷം രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. രാഹുലിന്റെ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു. മൊബൈലിലെ ഒരു ഫോള്‍ഡറില്‍ അപ് ലോഡ് ചെയ്ത വീഡിയോ അടക്കം പൊലീസ് കണ്ടെത്തിയിരുന്നു.

സൈബര്‍ അധിക്ഷേപ കേസില്‍ രാഹുല്‍ ഈശ്വറിന് പുറമെ രഞ്ജിത പുളിക്കന്‍, അഡ്വ. ദീപ ജോസഫ്, സന്ദീപ് വാര്യര്‍ എന്നിവരടക്കം ആറുപേരെ പൊലീസ് പ്രതി ചേര്‍ത്തിരുന്നു. നാലു പേരുടെ യുആര്‍എല്‍ ഐഡികളാണ് പരാതിക്കാരി പൊലീസിന് കൈമാറിയിരുന്നത്. ഇത് പരിശോധിച്ചശേഷമായിരുന്നു പൊലീസ് തുടര്‍ നടപടികളിലേക്ക് കടന്നത്. ആളെ തിരിച്ചറിയാന്‍ സാധിക്കും വിധമുള്ള വിവരങ്ങള്‍ പങ്കുവച്ചതായി ആരോപിച്ചാണ് യുവതി പരാതി നല്‍കിയത്.

യുവതിയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ദുരുപയോഗം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 2 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിവ. മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. അഭിഭാഷക ദീപ ജോസഫ്, ദീപ ജോസഫ് എന്നു പേരുള്ള മറ്റൊരു അക്കൗണ്ട് ഉടമ എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. സന്ദീപ് വാര്യരുടെ ജാമ്യപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളത്തേക്കു മാറ്റിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page