കുമ്പള: മുസ്ലിം ലീഗിനെ ജനങ്ങള്‍ വീണ്ടും വന്‍ ഭൂരിപക്ഷത്തോടെ കുമ്പള പഞ്ചായത്തില്‍ അധികാരത്തിലെത്തിച്ചതു കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സംശുദ്ധമായ ഭരണനേട്ടം കൊണ്ടാണെന്നു പഞ്ചായത്ത് പ്രസിഡന്റ് യു.പി താഹിറ പറഞ്ഞു. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയില്‍ ലീഗിന് എട്ട് അംഗങ്ങളായിരുന്നുവെങ്കില്‍ ഇത്തവണ ജനങ്ങള്‍ ലീഗിനെ 13 വാര്‍ഡുകളില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചുവെന്ന് അവര്‍ പറഞ്ഞു. ഭരണത്തില്‍ ഒന്നിച്ചിരുന്നു തീരുമാനങ്ങളെടുത്ത എസ്ഡിപിയും സിപിഎമ്മും ബിജെപിയും പഞ്ചായത്തിനെതിരെ അവസാന നിമിഷം തിരിഞ്ഞു നിന്ന് അഴിമതി ആരോപണം ഉന്നയിച്ചു. എസ്ഡിപിഐയുടെ അഡ്രസ് ഈ തെരഞ്ഞെടുപ്പോടെ പഞ്ചായത്തില്‍ ഇല്ലാതായി. 9 അംഗങ്ങളുണ്ടായിരുന്ന ബിജെപിക്ക് ഈ തിരഞ്ഞെടുപ്പില്‍ അതിനാല്‍ നാലു വാര്‍ഡുകള്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഭരണസമിതി പഞ്ചായത്തില്‍ എത്രയെത്ര വികസനം കൊണ്ടു വന്നു. അതിന്റെ ഒക്കെ ഗുണം ജനങ്ങള്‍ക്കുണ്ടാവുന്നു. എല്ലാം ജനങ്ങള്‍ കാണുന്നു-അവര്‍ പറഞ്ഞു. യൂത്ത് ലീഗിന്റെ ഒരു നേതാവ് പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ഒരു മണല്‍കടവില്‍ പൂഴി സൂപ്പര്‍ വൈസറായിരുന്നു. ആരോപണങ്ങളെത്തുടര്‍ന്നു തല്‍സ്ഥാനത്ത് നിന്ന് അയാളെ മാറ്റി. അതിനെത്തുടര്‍ന്നായിരുന്നു അഴിമതി ആരോപണം. ഭരണപങ്കാളിയായിരുന്ന എസ്ഡിപിഐയും അതിനു പുറമെ ബിജെപിയും സിപിഎമ്മും അത് ഏറ്റു പിടിച്ചു. എന്നിട്ട് ഇപ്പോഴെന്തായി? പ്രതിപക്ഷ പാര്‍ട്ടികളോട് അവര്‍ ആരാഞ്ഞു.







