സുള്ള്യ: പഠന യാത്രയ്ക്കിടെ റോഡരികില്‍ മാലിന്യം തള്ളുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. പിന്നാലെ പിഴ അടച്ച് തടി തപ്പാനൊരുങ്ങി അധ്യാപകര്‍. ഡിസംബര്‍ 12 ന് രാവിലെ സാമ്പാജെയിലാണ് സംഭവം.
വിനോദയാത്രയ്ക്കിടെ ബെല്‍ത്തങ്ങാടി താലൂക്കിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ചവറ്റുകൂട്ടയില്‍ നിക്ഷേപിക്കുന്നതിന് പകരം റോഡരികില്‍ തള്ളിയെന്നാണ് ആരോപണം. സംഭവം ഒരു പ്രദേശവാസിയുടെ ശ്രദ്ധയില്‍പ്പെടുകയും ഇക്കാര്യം അധ്യാപകരെ അറിയിക്കുകയും ചെയ്തു. അവശിഷ്ടങ്ങള്‍ ചവറ്റുകൂട്ടയില്‍ നിക്ഷേപിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ സംഘം പ്രദേശവാസിയുടെ നിര്‍ദേശം അവഗണിച്ച് യാത്ര തുടര്‍ന്നു.
ഇതോടെ പ്രദേശവാസി സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു. വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹമീദ് ജി.കെ സ്ഥലം സന്ദര്‍ശിക്കുകയും സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു.
പ്രശ്‌നം സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ അവര്‍ ഗ്രാമപ്പഞ്ചായത്തുമായി ബന്ധപ്പെടുകയും മാലിന്യം നീക്കം ചെയ്യുന്നതിനും നിശ്ചിത പിഴ അടയ്ക്കുന്നതിനും തയാറാണെന്ന് അറിയിക്കുകയും ചെയ്തു.







