തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിൽ ദിലീപിന്റെ സിനിമ പറക്കും തളിക പ്രദര്‍ശിപ്പിച്ചതിനെ ചൊല്ലി തര്‍ക്കം. സിനിമ പ്രദര്‍ശിപ്പിക്കാൻ പാടില്ലെന്ന് ഒരു യാത്രക്കാരി ആവശ്യപ്പെട്ടതോടെ സംഭവം തർക്കമായി. യാത്രക്കാര്‍ തമ്മില്‍ ചേരി തിരിഞ്ഞതോടെ ഒടുവിൽ ഓഫ് ചെയ്ത് പ്രശ്നം പരിഹരിക്കേണ്ടി വന്നു. തിരുവനന്തപുരം – തൊട്ടിൽപാലം റൂട്ടിലോടുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്സിലാണ് പ്രതിഷേധമുണ്ടായത്. ബസ്സിൽ ദിലീപിന്റെ സിനിമയായ പറക്കും തളിക പ്രദർശിപ്പിച്ചിരുന്നു. എസ്.യു.സി.ഐ പ്രവര്‍ത്തക ലക്ഷ്മി ശേഖറാണ് പ്രതിഷേധത്തിന് തുടക്കമിട്ടത്. ഈ സിനിമ ഈ ബസില്‍ കാണാന്‍ പറ്റില്ലെന്നും ഞങ്ങള്‍ സ്ത്രീകള്‍ക്ക് ഈ സിനിമ കാണാല്‍ താല്‍പര്യമില്ലെന്നും യാത്രക്കാരിയായ ലക്ഷ്മി കണ്ടക്ടറോട് പറഞ്ഞു. ഇത് ചില യാത്രക്കാർക്ക് പിടിച്ചില്ല. വനിതകള്‍ മാത്രമല്ലല്ലോ ഈ ബസിലെ യാത്രക്കാര്‍, അപ്പോള്‍ സിനിമ കാണും എന്നായിരുന്നു ലക്ഷ്മിയുമായി തര്‍ക്കിച്ച ഒരു യാത്രക്കാരന്‍റെ വാദം. പിന്നാലെ യാത്രക്കാരിൽ ചിലര്‍ ലക്ഷ്മിയുടെ നിലപാടിനെ അനുകൂലിച്ചു. കോടതി വിധി അംഗീകരിക്കുന്നുണ്ടോ, ജഡ്ജി എല്ലാം കേട്ടതാണ് എന്ന് പറഞ്ഞ് മറ്റൊരു യാത്രക്കാരനും ലക്ഷ്മിക്കെതിരെ രംഗത്തെത്തി. അതോടെ വാക്കേറ്റം രൂക്ഷമായി. അതേസമയം വട്ടപ്പാറയിൽ ഇറങ്ങി മറ്റൊരു ബസിൽ കയറി പോകണമെന്ന് കണ്ടക്ടർ യുവതിയോട് ആവശ്യപ്പെട്ടു. ഭൂരിഭാഗം ആളുകളും ലക്ഷ്മിക്ക് അനുകൂലമായതോടെ കണ്ടക്ടര്‍ സിനിമ നിര്‍ത്തി പ്രശ്നം അവസാനിപ്പിക്കേണ്ടി വന്നു. ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.







