പയ്യന്നൂര്‍: പഴയങ്ങാടിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളെ കമ്പിയും തടിയും കൊണ്ട് മര്‍ദ്ദിച്ച് അധ്യാപകന്റെ ക്രൂരത. ട്രെയിനി അദ്ധ്യാപകനായ ലിജോ ജോണിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പഴയങ്ങാടി പൊലീസ് കേസെടുത്തത്. പയ്യന്നൂര്‍ ബോയ്സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അധ്യാപകന്റെയും സുഹൃത്തിന്റെയും മര്‍ദനത്തിനിരയായത്. ഡിസംബര്‍ 9 നാണ് മര്‍ദ്ദനമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. സംസാരിക്കാനെന്ന വ്യാജേന അദ്ധ്യാപകനും സുഹൃത്തുക്കളും ആണ്‍കുട്ടികളെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. ഒരാഴ്ച മുമ്പ് സ്‌കൂളില്‍ നിന്ന് വിദ്യാര്‍ഥികള്‍ വിനോദയാത്ര പോയിരുന്നു. ഈ അധ്യാപകനും ടൂറില്‍ പങ്കെടുത്തിരുന്നു. ബസില്‍ പാട്ട് വച്ച് വിദ്യാര്‍ഥികള്‍ ഡാന്‍സ് ചെയ്യുന്നതിനിടെ അധ്യപകന്‍ പെണ്‍കുട്ടികളെ ശല്യം ചെയ്യുകയും മോശമായി പെരുമാറുകയും ചെയ്യുന്നത് കണ്ട് ഇടപെട്ടതാണ് പ്രശ്‌നത്തിന് കാരണമായത്. ഇതിലുള്ള വൈരാഗ്യത്തെ തുടര്‍ന്ന് പ്രശ്‌നം രമ്യമായി പരിഹരിക്കാം എന്ന നിര്‍ദേശം മുന്നോട്ട് വച്ച് അധ്യാപകന്‍ വിദ്യാര്‍ഥികളെ പഴയങ്ങാടിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സംസാരിച്ചിരിക്കെ ഒരു സുഹൃത്ത് എത്തി പ്രശ്‌നത്തിലിടപെടുകയും പിന്നീട് 4 വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാര്‍ഥികള്‍ ഇപ്പോള്‍ തൃക്കരിപ്പൂര്‍ തങ്കയം ആശുപത്രിയില്‍ ചികില്‍സയിലാണ്.






