തിരുവനന്തപുരം: ദിലീപിന്റെ ‘ഭഭബ’ സിനിമയുടെ പോസ്റ്റര്‍ റിലീസിനെതിരെ വിമര്‍ശനവുമായി നടി ഭാഗ്യലക്ഷ്മി. നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വന്ന ദിവസം തന്നെ പ്രതിപ്പട്ടികയിലുണ്ടായിരുന്ന ഒരാള്‍ അഭിനയിച്ച ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്ത നടന്‍ മോഹന്‍ലാലിന്റെ പ്രവര്‍ത്തിക്കെതിരെയാണ് വിമര്‍ശനം.
മോഹന്‍ലാലും സിനിമയില്‍ അതിഥി വേഷത്തില്‍ എത്തുണ്ട്. സിനിമയുടെ പോസ്റ്റര്‍ റിലീസ് ചെയ്യുന്നതിന് മുന്‍പ് താന്‍ എന്താണ് ചെയ്യുന്നതെന്ന് മോഹന്‍ലാല്‍ പോലും ചിന്തിച്ചില്ലല്ലോ എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. തിരുവനന്തപുരത്ത് ഐ.എഫ്.എഫ്.കെയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
‘വിധി വന്ന അന്നുതന്നെയല്ലേ നമ്മള്‍ ഏറ്റവും സ്‌നേഹിക്കുന്ന ശ്രീ മോഹന്‍ലാല്‍ ആ സിനിമയുടെ പോസ്റ്റര്‍ റിലീസ് ചെയ്യുന്നത്. ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം പോലും ചിന്തിച്ചില്ലല്ലോ? അവന് വേണ്ടിയും അവള്‍ക്ക് വേണ്ടിയും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞതും നമ്മള്‍ കേട്ടു. ഇതെല്ലാം അയാള്‍ ഉണ്ടാക്കി വച്ചിരിക്കുന്ന ഒരു സാമ്പത്തിക സ്‌പെയ്‌സ് ആണ്. അതാണ് നമ്മള്‍ കണ്ടത്’ എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ഈ വിധിയോട് കൂടി അവള്‍ തളര്‍ന്നുവെന്ന് പലരും വിചാരിക്കുന്നുണ്ട്. എന്നാല്‍ തളരാതെ അതിശക്തമായി തന്നെ മുന്നോട്ട് സഞ്ചരിക്കാനാണ് അതിജീവിതയുടെ തീരുമാനം. അതിനായി നിയമത്തിന്റെ ഏത് അറ്റം വരെയും പോകും. നമ്മള്‍ എല്ലാവരും ശക്തമായി അവളോടൊപ്പം നില്‍ക്കുകയാണ് വേണ്ടത്. വിധിക്കെതിരെ അതിജീവിത അപ്പീലിന് പോകുമെന്നും ഇക്കാര്യം ഔദ്യോഗികമായി അവര്‍ തന്നെ അറിയിക്കുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ഇതില്‍ കൂടുതല്‍ അപമാനമൊന്നും അവള്‍ക്ക് സഹിക്കാനില്ല. രണ്ട് മണിക്കൂര്‍ കാറിനുള്ളില്‍ സംഭവിച്ചതിനേക്കാള്‍ അപമാനം അടച്ചിട്ട കോടതി മുറിക്കുള്ളില്‍ അവള്‍ അനുഭവിച്ചു. അതില്‍ കൂടുതലൊന്നും എനിക്കിനി സംഭവിക്കാനില്ലല്ലോ എന്ന രീതിയിലാണ് അവള്‍ പോസ്റ്റിട്ടത്.
അന്ന് ആ നടി ഇയാളുടെ പേര് പറഞ്ഞായിരുന്നില്ല സംസാരിച്ചത്. എന്നാല്‍ തന്നെ ഉദ്ദേശിച്ചാണ് അത് പറഞ്ഞതെന്ന് അയാള്‍ തന്നെ തീരുമാനിച്ചു. അതിനര്‍ത്ഥം അയാള്‍ ചെയ്തു എന്ന് തന്നെയാണ്. ഇനിയും അദ്ദേഹത്തിന്റെ വില്ലനിസം തീര്‍ന്നിട്ടില്ല. ഇനിയും ഞാന്‍ അങ്ങനെ തന്നെ ചെയ്യും എന്ന ധൈര്യം കിട്ടിയത് കോടതി വിധിയില്‍ കൂടിയാണ്. അതെങ്ങനെ നേടിയെന്ന് എല്ലാവര്‍ക്കും അറിയാം. അതിജീവിത കേസ് കൊടുത്തത് കൊണ്ടുമാത്രമാണ് പല പെണ്‍കുട്ടികളും രക്ഷപ്പെട്ടത് എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.







