പത്തനംതിട്ട: വിധി അനുകൂലമായതിന് പിന്നാലെ ശബരിമല സന്നിധാനത്തെത്തി ദര്‍ശനം നടത്തി നടന്‍ ദിലീപ്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ദിലീപ് സന്നിധാനത്ത് എത്തിയത്. ഇത്തവണ താരത്തിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടില്ല. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരടക്കമുള്ളവരും കൂടെയില്ല. രാവിലെ പിആര്‍ഒ ഓഫീസിലെത്തിയശേഷം അവിടെ നിന്ന് വഴിപാടുകളടക്കം നടത്തുന്നതിനായി താരം തന്ത്രിയുടെ ഓഫീസിലേക്ക് പോയി. ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടാതെ ജീവനക്കാരുടെ ഗേറ്റ് വഴിയാണ് താരം ശബരിമല സന്നിധാനത്തെ സോപാനത്തിലേക്ക് എത്തിയത്.
കഴിഞ്ഞ തവണ ദിലീപ് ശബരിമലയിലെത്തിയപ്പോള്‍ വിഐപി പരിഗണന നല്‍കി പത്തുമിനുട്ടിലധികം ശ്രീകോവിലിന് മുന്നില്‍ നിന്നത് വിവാദമായിരുന്നു. വിഷയത്തില്‍ ഹൈക്കോടതി ഇടപെടുകയും വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിനെ തെളിവിന്റെ അഭാവത്തിലാണ് കോടതി കുറ്റവിമുക്തനാക്കിയത്.







