കണ്ണൂര്‍: കണ്ണൂരില്‍ വോട്ട് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മോറാഴ സ്വദേശി കെപി സുധീഷ് (48) ആണ് മരിച്ചത്. രാവിലെ മോറാഴ സൗത്ത് എല്‍പി സ്‌കൂളിലായിരുന്നു സംഭവം. സുധീഷ് വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടിരുന്ന സുധീഷിനെ അധികൃതര്‍ ഇടപെട്ട് കയറ്റിവിട്ടിരുന്നു. വോട്ട് ചെയ്യുന്നതിന് തൊട്ടുമുന്‍പ് ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലോട്ടറി വില്‍പന തൊഴിലാളിയായിരുന്നു സുധീഷ്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.







