കൊച്ചി: ഇന്ന് മൂക്കുത്തി ധരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. എന്നാല്‍ മൂക്കുത്തി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് വലിയ അപകടത്തിന് കാരണമാകുമെന്നാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കുന്നത്. രണ്ടാഴ്ചക്കിടെ മൂന്ന് സ്ത്രീകളുടെ ശ്വാസകോശത്തില്‍ നിന്നാണ് അമൃത ആശുപത്രിയിലെ ഇന്റര്‍വെന്‍ഷന്‍ പള്‍മനോളജി വിഭാഗം മൂക്കുത്തിയുടെ ആണി നീക്കം ചെയ്തത്. വിദേശയാത്രയ്ക്കുള്ള വിസ നടപടികളുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രണ്ട് യുവതികളുടെ ശ്വാസകോശത്തില്‍ മൂക്കുത്തിയുടെ ആണിയുള്ളത് കണ്ടെത്തിയത്. ആരോഗ്യപരിശോധനയുടെ ഭാഗമായി എക്‌സ്‌റേ എടുത്തപ്പോള്‍ 52 കാരിയായ മറ്റൊരു സ്ത്രീയുടെ ശ്വാസകോശത്തിലും ആണി കണ്ടെത്തി. ഇതില്‍ ഒരു യുവതിയുടെ മൂക്കുത്തിയുടെ ആണ് രണ്ട് വര്‍ഷം മുമ്പാണ് കാണാതായത്. അന്ന് നിലത്ത് വീണ് നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നാണ് കരുതിയത്. എക്‌സറേ പരിശോധനയിലാണ് മൂക്കുത്തി കണ്ടെത്തിയത്. ആണി ശ്വാസകോശത്തിന്റെ വലതുഭാഗത്ത് അടിവശത്തായി തറച്ചുകിടക്കുകയായിരുന്നു. ആണി ശ്വാസകോശത്തില്‍ അകപ്പെട്ടതിന് ശേഷം ഇവര്‍ക്ക് ചെറിയ തോതിലുള്ള ചുമയല്ലാതെ മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ഉറക്കത്തില്‍ നാം അറിയാതെ മൂക്കുത്തിയും ആണിയും മറ്റ് ഭാഗങ്ങളും ശ്വാസകോശത്തിലെത്താന്‍ സാദ്ധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.







