പാട്ന: രാഷ്ട്രീയ പ്രതിഭാസങ്ങള്‍ ഉടലെടുക്കുന്ന ബിഹാറില്‍ ഒമ്പതു വര്‍ഷം മുമ്പു സ്ഥാപിച്ച രാഷ്ട്രീയ ലോക്മോര്‍ച്ച പാര്‍ട്ടിയുടെ സ്ഥാപകന്‍ ഉപേന്ദ്രകുഷ് വാഹ രാജ്യസഭാ മെമ്പറായി; ഭാര്യ സ്നേഹലത കുഷ്വാഹ ഈ തിരഞ്ഞെടുപ്പില്‍ എം എല്‍ എ യായി. എഞ്ചിനീയറായിരുന്ന 36കാരനായ മകന്‍ ദീപക് പ്രകാശിനെ ബി ജെ പി നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ സംസ്ഥാന പഞ്ചായത്തു വകുപ്പു മന്ത്രിയുമാക്കി. നേതാവിന്റെ പാര്‍ട്ടിയിലെ കുടുംബ വാഴ്ചയില്‍ പ്രതിഷേധിച്ചു പാര്‍ട്ടി സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് മഹേന്ദ്ര കുഷ്വാഹ, വൈസ് പ്രസിഡന്റ് ജിതേന്ദ്രനാഥ്, ജനറല്‍ സെക്രട്ടറിമാരായ രാഹുല്‍കുമാര്‍, രാജേഷ് രാജന്‍സിംഗ്, വിപിന്‍കുമാര്‍ ചൗരസ്യ, പ്രമോഭയാദ്, പപ്പുമണ്ഡല്‍ തുടങ്ങി ഏഴു ഭാരവാഹികള്‍ പാര്‍ട്ടിയില്‍ നിന്നു രാജിവച്ചു. പാര്‍ട്ടിയുടെ വക്താവും ജില്ലാ കമ്മിറ്റി പ്രസിഡന്റുമാരും രാജിവച്ചവരില്‍പ്പെടുന്നു. നാട്ടിലൊക്കെയും പാര്‍ട്ടിയിലും എപ്പോഴും സാമൂഹ്യ പ്രതിബദ്ധതയും പ്രത്യയ ശാസ്ത്രക്കരുത്തും പാര്‍ട്ടിയുടെ ആദര്‍ശവും പറഞ്ഞുകൊണ്ടേയിരിക്കുന്നയാളായ പാര്‍ട്ടി സ്ഥാപകനേതാവ് സ്ഥാനമാനങ്ങളും അധികാര പദവികളും സ്വന്തം കുടുംബത്തിന് തീറെഴുതി വച്ചപോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നു രാജിവച്ച നേതാക്കന്മാര്‍ വിലപിച്ചു. എന്‍ ഡി എ ഘടകകക്ഷിയായ ആര്‍ എല്‍ എമ്മിന് ബിഹാര്‍ നിയമസഭയില്‍ നാല് എം എല്‍ എമാരുള്ളപ്പോഴാണ് എം എല്‍ എപോലുമില്ലാത്ത മകനെ പിടിച്ചു മന്ത്രിയാക്കിയതെന്ന് അവര്‍ ആരോപിച്ചു. സ്വന്തം ഭാര്യ എം എല്‍ എ ആയിട്ടും ഒന്നുമില്ലാത്ത മകനെ മന്ത്രിയാക്കിയത് പാര്‍ട്ടിക്കു ലഭിക്കുന്ന അധികാരസ്ഥാനങ്ങളെല്ലാം കുടുംബത്തിനു സ്വന്തമാക്കാനാണെന്ന് അവര്‍ പരിതപിച്ചു. എന്‍ ഡി എ സഖ്യകക്ഷിയായ ആര്‍ എല്‍ എമ്മിന് തിരഞ്ഞെടുപ്പില്‍ ആറു സീറ്റാണ് എന്‍ ഡി എ മത്സരിക്കാന്‍ നല്‍കിയത്. അതില്‍ നാലിടത്തു ആര്‍ എല്‍ എം സ്ഥാനാര്‍ത്ഥികള്‍ ജയിക്കുകയും ചെയ്തു. നാല് എം എല്‍ എ മാര്‍ക്ക് ഒരു മന്ത്രി എന്ന എന്‍ ഡി എ നിലപാടനുസരിച്ച് കിട്ടിയ മന്ത്രി സ്ഥാനം പാര്‍ട്ടി ചീഫ് എം എല്‍ എ അല്ലാത്ത സ്വന്തം മകനാക്കിയത് എങ്ങനെ സഹിക്കുമെന്നു പാര്‍ട്ടി ഭാരവാഹിത്വം രാജിവച്ചവര്‍ ആരായുന്നു.







