ബെംഗളൂരു: നന്ദിനി നെയ്യെന്ന പേരില്‍ 8136 ലീറ്റര്‍ വ്യാജ നെയ്യ് വിറ്റഴിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതികളായ ദമ്പതികള്‍ പിടിയില്‍. ശിവകുമാര്‍, രമ്യ എന്നിവരെയാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ബുധനാഴ്ച അറസ്റ്റ്ചെയ്തത്. തമിഴ്‌നാട്ടില്‍ ഉല്പാദിപ്പിച്ച വ്യാജ നെയ്യാണ് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ ‘നന്ദിനി’ നെയ്യ് എന്നപേരില്‍ ഇവര്‍ ബംഗളൂരുവില്‍ വില്‍പന നടത്തി വന്നത്.
വില്‍പ്പനസംഘത്തിന്റെ മുഖ്യസൂത്രധാരന്മാര്‍ ഇവരാണെന്ന് പൊലീസ് പറഞ്ഞു.
നന്ദിനി നെയ്യ് വരുന്ന ബോട്ടിലിന് സമാനമായ പാക്കറ്റുകളിലും കുപ്പികളിലുമായിരുന്നു വ്യാജന്റെയും വില്‍പന. വ്യാജ ‘നന്ദിനി’ ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ നിര്‍മ്മിക്കാന്‍ ദമ്പതികള്‍ നൂതന മെഷിനുകള്‍ ഉപയോഗിച്ചിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരുടെ സംഘത്തില്‍പെട്ട നാലുപേരെ നേരത്തെ പിടികൂടിയിരുന്നു. വ്യാജ നെയ്യ് സൂക്ഷിച്ചിരുന്ന സ്ഥലത്ത് നവംബര്‍ 16ന് പൊലീസ് റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് ലിറ്റര്‍ കണക്കിന് നെയ്യിന്റെ ശേഖരം പിടികൂടിയിരുന്നു. ഇവരെ ചോദ്യംചെയ്തപ്പോഴാണ് മുഖ്യ പ്രതികളായ ദമ്പതികളെ പൊലീസിന് പിടികൂടാനായത്. വ്യാജ നെയ്യ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന യന്ത്രങ്ങള്‍, മിശ്രിതമാക്കാന്‍ ഉപയോഗിക്കുന്ന തേങ്ങ, പാം ഓയില്‍, അഞ്ച് മൊബൈല്‍ ഫോണുകള്‍, 1.19 ലക്ഷം രൂപ, 60 ലക്ഷം രൂപ വിലമതിക്കുന്ന നാല് ബൊലേറോ ഗുഡ്സ് വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെ 1.26 കോടി രൂപയുടെ സ്വത്തുക്കളും പൊലീസ് പിടിച്ചെടുത്തു. ദക്ഷിണേന്ത്യയിലെ ഏറ്റവും വിശ്വസനീയമായ പാലുല്‍പ്പന്ന ബ്രാന്‍ഡുകളിലൊന്നായ നന്ദിനിക്ക് വിപണിയില്‍ വന്‍ ഡിമാന്‍ഡാണുള്ളത്.








