കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പന്‍ സന്തോഷ് മേല്‍പറമ്പില്‍ പിടിയില്‍; നാട്ടുകാര്‍ വളഞ്ഞപ്പോള്‍ ഒന്നാം നിലയില്‍ നിന്നു താഴേയ്ക്ക് ചാടി കാലൊടിഞ്ഞു

കാസര്‍കോട്: കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പന്‍ സന്തോഷ് വീണ്ടും അറസ്റ്റില്‍. വെള്ളിയാഴ്ച പുലര്‍ച്ചെ മേല്‍പ്പറമ്പ് പഴയ മില്‍മ ബൂത്തിനു സമീപത്തെ കാഷ് മാര്‍ട്ട് ഹൈപ്പര്‍മാര്‍ക്കറ്റില്‍ കവര്‍ച്ച നടത്തുന്നതിനിടയിലാണ് തൊരപ്പന്‍ നാട്ടുകാരുടെ പിടിയിലായത്. പിടിയില്‍ നിന്നു രക്ഷപ്പെടാനായി സൂപ്പര്‍മാര്‍ക്കറ്റ് കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്നു താഴേയ്ക്ക് ചാടി, കാലൊടിഞ്ഞ നിലയിലാണ് തൊരപ്പനെ പിടികൂടിയത്.
നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ തൊരപ്പന്‍ സന്തോഷ് കുടിയാന്മല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുലിക്കുരമ്പ സ്വദേശിയാണ്. വ്യാഴാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് സന്തോഷ് മേല്‍പ്പറമ്പില്‍ എത്തിയത്. പുലര്‍ച്ചെ ഒരു മണിവരെ സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നു. കവര്‍ച്ചയ്ക്ക് അനുകൂല സമയം തെരഞ്ഞെടുത്ത ശേഷം കടയുടെ ഷട്ടറിലെ പൂട്ട് പൊളിച്ച് അകത്തു കടന്ന് കാഷ് കൗണ്ടറില്‍ നിന്നു 3000 രൂപ കൈക്കലാക്കി.
കടയുടെ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകള്‍ എടുക്കാനായി യുവാക്കള്‍ എത്തിയതാണ് മോഷ്ടാവിനു വിനയായത്. കടയുടെ അകത്തു നിന്നു ശബ്ദം കേട്ട യുവാക്കള്‍ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ആള്‍ക്കാരെത്തി കെട്ടിടം വളഞ്ഞപ്പോള്‍ രക്ഷപ്പെടാനായി മോഷ്ടാവ് ഒന്നാം നിലയില്‍ നിന്നു താഴേയ്ക്കു ചാടി. കാലൊടിഞ്ഞതിനാല്‍ രക്ഷപ്പെടാനായില്ല. സ്ഥാപന ഉടമ കെ അനൂപിന്റെ പരാതിയില്‍ മേല്‍പറമ്പ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page