ആലപ്പുഴ: വാഹനാപകടത്തില്‍ വധുവിന് പരിക്കേറ്റിട്ടും വിവാഹം മാറ്റിവച്ചില്ല. വധുവിനെ വരന്‍ ആശുപത്രിക്കിടക്കയില്‍ വച്ച് താലികെട്ടി. തുമ്പോളി സ്വദേശി ഷാരോണും ആവണിയുമാണ് അപകടം ഉണ്ടാക്കിയ പരിഭ്രാന്തിക്കിടെ വിവാഹിതരായത്. ഇന്ന് ഉച്ചയ്ക്കു 12.12 നും 12.25 നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിന് മുന്നോടിയായി രാവിലെ മേക്കപ്പിന് പോകുമ്പോഴായിരുന്നു ആവണി അപകടത്തില്‍പെട്ടത്. തുടര്‍ന്ന് കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അപകട വിവരം അറിഞ്ഞതോടെ വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ ആശുപത്രിയിലേക്ക് പാഞ്ഞു. ആരോഗ്യനിലയില്‍ വലിയ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ ആശുപത്രിയില്‍ താലികെട്ടാന്‍ തീരുമാനിച്ചു. മുഹൂര്‍ത്തം തെറ്റിക്കാതെ വരന്‍ താലി ചാര്‍ത്തി.
വിവാഹത്തിന് ആശുപത്രിയില്‍ ഉറ്റബന്ധുക്കളും ഡോക്ടര്‍മാരും സാക്ഷികളായി. അതേസമയം വിവാഹ ചടങ്ങിന് ഓഡിറ്റോറിയത്തില്‍ എത്തിയവരെ നിരാശരാക്കിയില്ല. അവര്‍ക്ക് സദ്യയും വിളമ്പി. വധുവിന്റെ നട്ടെല്ലിനു പരിക്കും കാലിന്റെ എല്ലിനു പൊട്ടലുമുണ്ട്. നാളെ സര്‍ജറി നടക്കും. ആവണിയുടെ കൂടെയുണ്ടായിരുന്ന മൂന്നു പേര്‍ക്കും പരുക്കേറ്റു. ഇവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.







