കാസര്‍കോട്: കോട്ടയത്ത് നടന്ന സംസ്ഥാന സി ബി എസ് ഇ കലോത്സവത്തില്‍ മാപ്പിളപ്പാട്ടില്‍ വിജയകിരീടമണിഞ്ഞ് നീലേശ്വരം തൈക്കടപ്പുറത്തെ ഫിസ്റ അംറീന്‍. സംസ്ഥാനത്തെ 48 മാപ്പിളപ്പാട്ട് ഗായകരുമായി മാറ്റുരച്ച് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ് ഫിസ്റയുടെ വിജയം. കാഞ്ഞങ്ങാട് ക്രൈസ്റ്റ് സി എം ഐ പബ്ലിക് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ്. മാപ്പിളകവി ബദറുദ്ദീന്‍ പാറന്നൂരിന്റെ കര്‍ബല കിസ്സ പാട്ടിലെ ‘തങ്കമോര്‍ അളുന്താനേ..’ എന്നു തുടങ്ങുന്ന പാട്ടിന് ഷാന്‍വറാണ് ഈണമിട്ടത്. അറബിന് പദ്യം ചൊല്ലലില്‍ എ ഗ്രേഡോടെ രണ്ടാംസ്ഥാനവും ഒപ്പനയില്‍ എ ഗ്രേഡോടെ മൂന്നാംസ്ഥാനവും നേടി. സഹോദരന്‍ ആദില്‍ സഹ്റാന്‍ സംസ്ഥാന കലോത്സവത്തില്‍ ദഫ്മുട്ടില്‍ ലീഡ് ഗായകനായി എ ഗ്രേഡ് നേടിയതോടെ കുടുംബം വിജയാഹ്ലാദത്തിലാണ്. പ്രശസ്ത ഗായകന്‍ ആദില്‍ അത്തുവിന്റെയും സാഹിറയുടെയും മൂത്ത മകളാണ് ഫിസ്റ. സോഷ്യല്‍ മീഡിയയിലും ഗാനമേള വേദികളിലും നിറസാന്നിധ്യമായ പിതാവ് ആദില്‍ അത്തു നീലേശ്വരം മേല്‍പ്പാലത്തിന് സമീപം എ.ആര്‍.ടവറില്‍ അല്‍ സഹ്റാന്‍ മീഡിയ എന്ന റെക്കോഡിങ് സ്റ്റുഡിയോ നടത്തുകയാണ്.






