കൊച്ചി: തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മുട്ടട വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച വൈഷ്ണ സുരേഷിനെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടിയില്‍ ഹൈക്കോടതി ഇടപെട്ടു.
വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയെടുക്കണമെന്നും ഇല്ലെങ്കില്‍ അസാധാരണ അധികാരം ഉപയോഗിക്കുമെന്നും കോടതി പറഞ്ഞു. വിഷയത്തില്‍ വൈഷ്ണ നല്‍കിയ അപ്പീലില്‍ 19-നകം ജില്ലാ കളക്ടര്‍ തീരുമാനമെടുക്കണമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ നിര്‍ദേശിച്ചു. രണ്ടുദിവസത്തിനുള്ളില്‍
തീരുമാനമെടുത്തില്ലെങ്കില്‍ ഹൈക്കോടതി ഇടപെടുമെന്നും മറ്റ്നടപടികളെടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. പെണ്‍കുട്ടിക്ക് മത്സരിക്കാനുള്ള അവസരം നിഷേധിക്കരുതെന്നും രാഷ്ട്രീയകാരണത്താല്‍ ഒഴിവാക്കുകയല്ല വേണ്ടതെന്നും കോടതി പറഞ്ഞു. മേല്‍വിലാസത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയായിരുന്നു വൈഷ്ണയുടെ പേര് നീക്കം ചെയ്തത്. ഇതോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത മങ്ങുകയായിരുന്നു. പേരൂര്‍ക്കട ലോ കോളേജിലെ നിയമവിദ്യാര്‍ത്ഥിയായ 24കാരി വൈഷ്ണയുടെ സ്ഥാനാര്‍ത്ഥിത്വം തുടക്കം മുതല്‍ ശ്രദ്ധനേടിയിരുന്നു. കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റും ടെക്നോപാര്‍ക്ക് ജീവനക്കാരിയും കൂടിയാണ് വൈഷ്ണ. ആദ്യഘട്ടത്തില്‍ കവടിയാറില്‍ ശബരീനാഥന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതിനൊപ്പം പ്രഖ്യാപിച്ച പേരായിരുന്നു വൈഷ്ണയുടേത്.







