പാട്ടും പാടി ജയിച്ചു; മൈഥിലി താക്കൂര്‍ ബിഹാറിലെ പ്രായം കുറഞ്ഞ എംഎല്‍എ

പാട്‌ന: ബിഹാറില്‍ ഏകപക്ഷീയമായ വിജയത്തിലേക്ക് കടക്കുകയാണ് എന്‍ഡിഎ. ഇതുവരെ 200 ലധികം സീറ്റുകളിലാണ് എന്‍ഡിഎ മുന്നില്‍ നില്‍ക്കുന്നത്. അര്‍ജെഡിയുടെ വിനോദ് മിശ്രയ്ക്കെതിരെ വ്യക്തമായ ഭൂരിപക്ഷത്തോടെ നിയമസഭയിലേക്ക് ടിക്കറ്റെടുത്തിരിക്കുകയാണ് ഗായിക കൂടിയായ മൈഥിലി താക്കൂര്‍. ജയം ഉറപ്പിച്ചതോടെ ബിഹാറിന്റെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയായി 25 വയസുള്ള മൈഥിലി താക്കൂര്‍ മാറി. മാസങ്ങള്‍ക്ക് മുമ്പാണ് അവര്‍ക്ക് ബിജെപി അംഗത്വം നല്‍കിയത്. ഇന്‍സ്റ്റഗ്രാമില്‍ 63 ലക്ഷത്തോളം ഫോളോവേഴ്സുള്ള മൈഥിലിയെ അലിനഗറിലെ ജനങ്ങളും പിന്തുടരുമെന്ന് ബിജെപിക്ക് കൃത്യമായ കണക്കുകൂട്ടലുണ്ടായിരുന്നു. ഇതിനൊപ്പം ബിഹാറിലെ ഏറ്റവും പ്രായംകുറഞ്ഞ എംഎല്‍എ എന്ന ചരിത്രവും മൈഥിലിക്കൊപ്പം ചേരും. ഇതിന് മുമ്പ് തേജസ്വി യാദവും തൗസീഫ് ആലവുമായിരുന്നു ഇത് പങ്കിട്ടിരുന്നത്. 2015-ല്‍ രഘോപൂരില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ 26 വയസായിരുന്നു തേജസ്വിയുടെ പ്രായം. ഇതേ പ്രായത്തില്‍ 2005-ല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചാണ് തൗസീഫ് വിജയിച്ചത്.
മധുബനി ജില്ലയിലെ ബെനിപ്പട്ടിയില്‍ നിന്നുള്ള മൈഥിലി താക്കൂര്‍, ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തിലും ഭക്തിഗാനത്തിലും പരിശീലനം നേടിയിട്ടുണ്ട്. ‘റൈസിംഗ് സ്റ്റാര്‍’ പോലുള്ള ടിവി ഷോകളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് അവര്‍ ആദ്യമായി ദേശീയ പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. ലോകമെമ്പാടുമുള്ള പന്ത്രണ്ട് വ്യത്യസ്ത ഭാഷകളില്‍ സൂഫിയുമായി സംയോജിച്ച നാടോടി പ്രകടനങ്ങള്‍ അവര്‍ അവതരിപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page