കാസർകോട്: ദേശീയപാതാ നിർമ്മാണത്തിന് വേണ്ടി നഷ്ടപരിഹാരം നൽകുകയോ പുനരധിവാസം ഉറപ്പാക്കുകയോ ചെയ്യാതെ സ്ഥലം ഏറ്റെടുത്തെന്ന പരാതിയിൽ കാസർകോട് ജില്ലാ കളക്ടർ രണ്ടാഴ്ചക്കകം വിശദീകരണം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
ചെങ്കള തെക്കിൽ ഫെറി സ്വദേശികളായ സി.എം മിസിരിയ, കെ. കൌലത്ത് എന്നിവർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ഹൈക്കോടതി ഉത്തരവ് പോലും മാനിക്കാതെ 2025 മാർച്ച് 22 ന് സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ വീട്ടിലെത്തിയ ഉദ്യോഗസ്ഥർ കുടിവെള്ള പൈപ്പും ഗേറ്റും മതിലും നശിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.
എന്നാൽ നിയമാനുസരണമാണ് സ്ഥലം ഏറ്റെടുത്തതെന്ന് ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു. വീട് പകുതിയായി ഏറ്റെടുത്താൽ താമസിക്കാൻ കഴിയില്ലെന്നും മുഴുവനായും ഏറ്റെടുക്കണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു.
തുടർന്നാണ് ആർബിട്രേറ്ററായ ജില്ലാ കളക്ടറിൽ നിന്നും കമ്മീഷൻ വിശദീകരണം ചോദിച്ചത്.







