‘തെരുവുനായ്ക്കളെയും കന്നുകാലികളെയും പൊതുസ്ഥലങ്ങളില്‍ നിന്ന് നീക്കണം’; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: തെരുവുനായ വിഷയത്തില്‍ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കണമെന്നു സുപ്രീംകോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ബസ് സ്റ്റാന്‍ഡ്, സ്പോര്‍ട് കോംപ്ലക്സുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലെ നായ്ക്കളെ മാറ്റണമെന്നാണ് ഉത്തരവ്. പിടികൂടുന്ന തെരുവ് നായകളെ വന്ധ്യംകരണത്തിന് ശേഷം ഷെല്‍ട്ടറിലേക്ക് മാറ്റണം. എവിടെ നിന്നാണോ തെരുവ് നായകളെ പിടികൂടുന്നത് അവിടെ തുറന്നു വിടരുത് തുടങ്ങിയ നിര്‍ദേശങ്ങളും കോടതി മുന്നോട്ട് വെച്ചു. ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേഹ്ത, എന്‍ വി അന്‍ജാരിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
ദേശീയപാതകള്‍, മറ്റ് റോഡുകള്‍, എക്പ്രസ് വേകള്‍ എന്നിവിടങ്ങളില്‍ നിന്ന് അലഞ്ഞു തിരിയുന്ന കന്നുകാലികള്‍ ഉള്‍പ്പടെയുള്ള മൃഗങ്ങളെയും നീക്കം ചെയ്യണമെന്ന് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും നോഡല്‍ അതോറിറ്റികളോട് സുപ്രീംകോടതി നിര്‍ദേശിച്ചു. മൃഗങ്ങളെ കണ്ടെത്താന്‍ പട്രോളിങ് സംഘത്തെ നിയോഗിക്കണം. തെരുവ്നായ്ക്കള്‍ കടക്കുന്നത് തടയാന്‍ ജില്ലാ ആശുപത്രികളും റെയില്‍വേ സ്റ്റേഷനുകളുമുള്‍പ്പടെയുള്ള ഇടങ്ങളില്‍ സംരക്ഷണ വേലികള്‍ നിര്‍മിക്കണമെന്നും നിര്‍ദേശമുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് സ്ഥാപിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നത് ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറിമാരോട് ബെഞ്ച് നിര്‍ദ്ദേശിച്ചു. വീഴ്ചകള്‍ക്ക് ഉദ്യോഗസ്ഥര്‍ വ്യക്തിപരമായ ഉത്തരവാദിത്തം വഹിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനായി വികസിപ്പിച്ചെടുത്ത സംവിധാനം വിശദീകരിച്ച് എട്ട് ആഴ്ചയ്ക്കുള്ളില്‍ ഒരു സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page