ന്യൂഡല്‍ഹി: നാടുനീളെ തെരുവുനായ ശല്യം രൂക്ഷമായി തുടരുമ്പോഴും അതിന്റെ ഗൗരവം ഉള്‍ക്കൊള്ളാത്ത സംസ്ഥാന ചീഫ് സെക്രട്ടറിമാരെ സുപ്രീംകോടതി വിളിച്ചുവരുത്തി.
തെരുവുനായ വിഷയത്തില്‍ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിന് ശേഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ്ക്കളുടെ അക്രമണങ്ങള്‍ തുടരുകയാണെന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറിമാരോട് നേരിട്ട് ഹാജരായി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചത്.
തുടര്‍ച്ചയായി തെരുവ് നായ്ക്കളുടെ ആക്രമണങ്ങള്‍ ഉണ്ടാകുന്നതുമൂലം വിദേശരാജ്യങ്ങളുടെ മുന്നില്‍ നമ്മുടെ രാജ്യം മോശമായി ചിത്രീകരിക്കപ്പെടുന്നുവെന്നു ജസ്റ്റിസ് വിക്രം നാഥ് നേരത്തെ നടത്തിയ നിരീക്ഷണത്തില്‍ വ്യക്തമാക്കിയിരുന്നു.
കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാത്ത കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ നേരിട്ട് ഹാജരാക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെടുകയായിരുന്നു.ഡല്‍ഹിയിലെ തെരുവ് നായ വിഷയത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് എല്ലാ സംസ്ഥാനങ്ങളെയും കക്ഷി ചേര്‍ത്ത് സത്യവാങ്മൂലം നല്‍കാന്‍ആഗസ്റ്റ് 22ന്‌കോടതി ഉത്തരവിട്ടിരുന്നത്.
കേസ് കഴിഞ്ഞദിവസം പരിഗണിക്കവെ തെരുവുനായ പ്രശ്‌നത്തില്‍ വെള്ളിയാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുമെന്ന് സുപ്രീംകോടതി അറിയിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ നേരിട്ട് ഹാജരായി നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാ യിരിക്കും കോടതിയുടെ ഇടക്കാല ഉത്തരവ്.







