കാസര്‍കോട്: ട്രെയിനുകളില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നുവെന്ന പരാതിയെ തുടര്‍ന്ന് ആര്‍പിഎഫ്, റെയില്‍വേ പൊലീസ് സംയുക്തമായി ട്രെയിനുകളില്‍ പരിശോധന നടത്തി. കൊങ്കണ്‍ വഴി വരുന്ന രാജധാനി ഉള്‍പ്പെടെയുള്ള ട്രെയിനുകളിലാണ് ബുധനാഴ്ച പരിശോധന നടന്നത്. ഓപ്പറേഷന്‍ പൊതിച്ചോറ് എന്ന പദ്ധതിയുടെ ഭാഗമായാണ് കാന്റീനുകളിലും പരിശോധന നടന്നത്. വന്ദേഭാരതില്‍ രാവിലെ ഫുഡ് കയറ്റുന്ന ഐആര്‍സിടിസി കാന്റീന്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലും പരിശോധന നടന്നു. പഴകിയ ഭക്ഷണങ്ങള്‍ ഒന്നും കണ്ടെത്താനായില്ല. റെയില്‍വേ പൊലീസ് എസ്എച്ച്ഒ എം റെജികുമാര്‍, ആര്‍പിഎഫ് എസ് വിനോദ്, എഎസ്‌ഐ പ്രദീപ് കുമാര്‍, ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ ജ്യോതിഷ് ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.








