മംഗളൂരു: ബല്‍ത്തങ്ങാടി രൂപതയുടെ രണ്ടാമത് ബിഷപ്പായി മലയാളിയായ മാര്‍ ജയിംസ് പട്ടേരില്‍ സ്ഥാനമേറ്റു. സെന്റ് ലോറന്‍സ് കത്തീഡ്രലില്‍ കുര്‍ബാനയ്ക്കു ശേഷം അഭിഷേകച്ചടങ്ങുകള്‍ നടന്നു. മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ കാര്‍മികത്വം വഹിച്ചു. തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, സ്ഥാനമൊഴിഞ്ഞ ബല്‍ത്തങ്ങാടി ബിഷപ് മാര്‍ ലോറന്‍സ് മുക്കുഴി, സിബിസിഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് എന്നിവര്‍ സഹകാര്‍മികരായിരുന്നു. 1999 ലാണ് ബല്‍ത്തങ്ങാടി രൂപത സ്ഥാപിതമായത്.അതുവരെ തലശ്ശേരി രൂപതയുടെ മിഷന്‍ പ്രവിശ്യയായിരുന്നു ബല്‍ത്തങ്ങാടി. മാര്‍ ലോറന്‍സ് മുക്കുഴിയായിരുന്നു ആദ്യത്തെ മെത്രാന്‍. കൂത്താട്ടുകുളം സ്വദേശി പരേതരായ ഏബ്രഹാമിന്റെയും റോസമ്മയുടെയും ഏഴുമക്കളില്‍ ആറാമനാണ് മാര്‍ ജയിംസ് പട്ടേരില്‍. 1960 കളില്‍ ബല്‍ത്തങ്ങാടി താലൂക്കിലെ കളഞ്ചയിലേക്ക് കുടിയേറിയതാണ് പട്ടേരിലിന്റെ കുടുംബം. കുറവിലങ്ങാട്, ബെംഗളൂരു, ജര്‍മനി എന്നിവിടങ്ങളില്‍ ആണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.1997 മുതൽ 2025 വരെ ജർമനിയിലായിരുന്നു. വൂൾവ്സ്ബർഗ് പ്രൊവിൻസിന്റെ പ്രൊക്യുറേറ്റർ ആയിരിക്കെയാണ് ബിഷപ്പായി നിയമിക്കപ്പെട്ടത്.







