ഭോപ്പാല്‍: മക്കളുടെ വിവാഹ നിശ്ചയത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ പ്രതിശ്രുത വധുവിന്റെ പിതാവിനൊപ്പം വരന്റെ മാതാവ് ഒളിച്ചോടി. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം. എട്ട് ദിവസം മുമ്പ് നടന്ന സംഭവം വ്യാഴാഴ്ചയാണ് പുറംലോകമറിയുന്നത്. ഉന്ത്വാസ ഗ്രാമത്തില്‍ താമസിക്കുന്ന 45 കാരിയായ സ്ത്രീയെ ഒരാഴ്ച മുമ്പ് കാണാതായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മകന്‍ കാണാതായതായി പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന് ഒടുവില്‍ ചിക്ലി ഗ്രാമത്തിലെ 50 വയസുള്ള കര്‍ഷകനോടൊപ്പം സ്ത്രീ താമസിക്കുന്നതായി കണ്ടെത്തി. പിന്നീടാണ് കര്‍ഷകന്‍ പ്രതിശ്രുത വധുവിന്റെ പിതാവാണെന്ന് മനസിലായത്. വിഭാര്യനായ 50കാരന്‍ രണ്ട് മക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇതിനിടയില്‍ മകള്‍ക്ക് വിവാഹാലോചന വന്നു. കാണാതായ സ്ത്രീയുടെ മകനുമായാണ് ഇദ്ദേഹത്തിന്റെ മകളുടെ വിവാഹം തീരുമാനിച്ചത്. വിവാഹ നിശ്ചയത്തിന്റെ ഒരുക്കം നടക്കവെയാണ് വധുവിന്റെ പിതാവും വരന്റെ മാതാവും തമ്മില്‍ പ്രണത്തിലായതും ഒളിച്ചോടിയതും. ഇരുവരും ഒരുമിച്ച് ജീവിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വീട്ടിലേക്ക് മടങ്ങാന്‍ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ഇരുവരും പറഞ്ഞു.







