ന്യൂഡല്‍ഹി: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. നവംബര്‍ ഒന്നുമുതല്‍ 19 കിലോ സിലിണ്ടറിന്റെ വിലയില്‍ 4.5 രൂപ മുതല്‍ 6.5 രൂപ വരെ കുറവാണ് എണ്ണ വിതരണ കമ്പനികള്‍ വരുത്തിയത്. അതേസമയം 14 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.
നാലുതവണ കുറച്ച ശേഷം ഒക്ടോബറില്‍ വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ വര്‍ധന വരുത്തിയിരുന്നു. 15 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. സെപ്റ്റംബറില്‍ വാണിജ്യ സിലിണ്ടറിന്റെ വില 51.50 രൂപയാണ് കുറച്ചത്. ഏപ്രില്‍ മുതല്‍ ജൂലൈ വരെ 19 കിലോഗ്രാം ഏപ്രില്‍ മുതല്‍ ജൂലൈ വരെ, 19 കിലോഗ്രാം എല്‍പിജി വിലയില്‍ ഡല്‍ഹിയില്‍ 138 രൂപയും കൊല്‍ക്കത്തയില്‍ 144 രൂപയും മുംബൈയില്‍ 139 രൂപയും ചെന്നൈയില്‍ 141.5 രൂപയുമാണ് മൊത്തത്തില്‍ കുറച്ചത്.
നവംബര്‍ ഒന്നുമുതല്‍ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1590.5 രൂപയാണ്. ഏപ്രിലില്‍ 50 രൂപ വര്‍ധിപ്പിച്ച ശേഷം 14.2 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്.







