ഒരു സ്ത്രീ ഏറ്റവും കൂടുതല്‍ ആഭരണങ്ങള്‍ അണിയുന്നത് വിവാഹ ദിവസം ആണ്. സ്ത്രീകള്‍ക്ക് സ്വര്‍ണാഭരണങ്ങളോടുള്ള പ്രിയം എല്ലാവര്‍ക്കുമറിയാവുന്നതാണ്. എന്നാല്‍ കാലംമാറിയതോടെ കാഴ്ചപ്പാടുകളും മാറി. ദേഹം മുഴുവന്‍ ആഭരണങ്ങള്‍ അണിഞ്ഞ് നില്‍ക്കുന്ന ഈ കാഴ്ച ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ ജില്ലയിലെ കന്തര്‍, ഇന്ധ്രാണി വില്ലേജുകളില്‍ ഇനി കാണാന്‍ കഴിയില്ല. പഞ്ചായത്തില്‍ വിവാഹത്തിന് മൂക്കുത്തി, കമ്മല്‍, താലിമാല എന്നിവ ധരിക്കാന്‍ മാത്രമാണ് സ്ത്രീകള്‍ക്ക് അനുമതിയുള്ളത്. കൂടുതല്‍ സ്വര്‍ണാഭരണങ്ങള്‍ ധരിക്കരുതെന്നും, അങ്ങനെ ധരിച്ചാല്‍ 50,000 രൂപ പിഴ ചുമത്തുമെന്നുമാണ് പഞ്ചായത്ത് തീരുമാനം. ഉയര്‍ന്ന സ്വര്‍ണവില കാരണം വിവാഹത്തിന് ആഭരണങ്ങള്‍ വാങ്ങുന്നതിന് പല കുടുംബങ്ങളും ബുദ്ധിമുട്ടുകയാണ്. അതുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്നാണ് അധികൃതര്‍ പറയുന്നത്. നിരവധി സ്ത്രീകള്‍ മറ്റുള്ളവരെ കണ്ടും അവരുടെ വാക്കുകള്‍ കേട്ടും സ്വര്‍ണം വാങ്ങാന്‍ വാശിപിടിക്കുകയാണെന്നും ഇത് കലഹങ്ങളിലേക്കും സാമ്പത്തിക ദുര്‍ബലാവസ്ഥയിലേക്കും കുടുംബങ്ങളെ കൊണ്ടെത്തിക്കുന്നുവെന്നുമാണ് പഞ്ചായത്ത് നിരീക്ഷിച്ചത്.
എന്നാല്‍ ഇതിനെതിരെ ചില സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്തെത്തുന്നുണ്ട്. പുരുഷന്മാര്‍ മദ്യപിക്കുന്നതും പല കലഹങ്ങള്‍ക്കും കാരണമാകുന്നുണ്ട് എന്നും സ്വര്‍ണത്തിന് നിയന്ത്രണം കൊണ്ടുവന്നതുപോലെ മദ്യത്തിനും നിയന്ത്രണം വേണമെന്നുമാണ് അവരുടെ വാദം. സ്വര്‍ണം ഒരു നിക്ഷേപം കൂടിയാണ്. എന്നാല്‍ മദ്യം അങ്ങനെയാണോ എന്നാണ് അവര്‍ ചോദിക്കുന്നത്. പട്ടികവര്‍ഗ മേഖലയായ ജവുന്‍സറിലാണ് കാന്തര്‍, ഇന്ദ്രാണി എന്നീ ഗ്രാമങ്ങള്‍ സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തുകളുടെ തീരുമാനമാണ് ഇവിടെ അന്തിമം.







