മുംബൈ: പവൈ നഗരത്തില്‍ പട്ടാപ്പകല്‍ 17 കുട്ടികളെയും രണ്ട് മുതിര്‍ന്നവരെയും ബന്ദികളാക്കിയ അക്രമി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പൊലീസ് വെടിവെപ്പില്‍ ഗുരുതര പരിക്കേറ്റ രോഹിത് ആര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ആര്‍ഡി സ്റ്റുഡിയോയിലായിരുന്നു സംഭവം. ജോലി ചെയ്ത പണം കിട്ടാന്‍ മുന്‍ വിദ്യാഭ്യാസ മന്ത്രിയോട് സംസാരിക്കണമെന്നാവശ്യപെട്ടാണ് കുട്ടികളെ ബന്ദികൾ ആക്കിയത്. ഓഡീഷന്‍ നടത്താനെന്ന പേരിലാണ് ഇയാള്‍ കുട്ടികളെ സ്റ്റുഡിയോയില്‍ എത്തിച്ചത്. സാധാരണയായി ഇത്തരത്തിലുള്ള ഓഡീഷനുകള്‍ നടക്കുന്ന സ്ഥലമായതിനാല്‍ ആര്‍ക്കും സംശയവുമുണ്ടായിരുന്നില്ല. 100 കുട്ടികളാണ് ഓഡിഷനെത്തിയത്. ഇതില്‍ 17 കുട്ടികളെ നിര്‍ത്തി മറ്റെല്ലാവരെയും പറഞ്ഞുവിട്ട ശേഷമായിരുന്നു നാടകം. ചില ആളുകളുമായി തനിക്ക് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കുട്ടികളെ പിടിച്ചു വച്ചിരിക്കുന്നതെന്നായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്. അതിനിടെ പൊലീസിന്റെ ഭാഗത്ത് നിന്ന് അനാവശ്യ ഇടെപെടലുണ്ടായാല്‍ കുട്ടികളുടെ ജീവന്‍ അപകടത്തിലാവുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതറിഞ്ഞ് എത്തിയ പൊലീസിന്റെ സന്ദര്‍ഭോചിതമായ ഇടപെടലില്‍ ബന്ദികളെ രക്ഷപ്പെടുത്തുകയായിരുന്നു. ഇതിനിടെ ഇയാള്‍ വെടിയുതിര്‍ത്തതോടെ പൊലീസ് തിരിച്ചും വെടിവെച്ചു. വെടികൊണ്ട ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പൊലീസ് സാഹസികമായി നടത്തിയ ഓപ്പറേഷനിലൂടെ കുടുങ്ങിക്കിടന്നവരെ രക്ഷിച്ചു. സംഭവസ്ഥലത്ത് നിന്ന് എയര്‍ ഗണ്ണും ചില രാസവസ്തുക്കളും കണ്ടെത്തിയതായും ഡെപ്യൂട്ടി കമ്മീഷണര്‍ ദത്ത നാല്‍വാഡെ പറഞ്ഞു. ബാത്ത്‌റൂമിലൂടെയായിരുന്നു പൊലീസ് ബന്ദികള്‍ക്കടുത്തേക്ക് എത്തിയത്. ആര്‍എ സ്റ്റുഡിയോയിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ട രോഹിത് ആര്യ. ഇയാള്‍ യൂട്യൂബര്‍ കൂടിയായിരുന്നു.







