മംഗളൂരു: വാഹനാപകടത്തെ തുടര്‍ന്ന് നദിയില്‍ കാണാതായ 45 ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ മുങ്ങിയെടുത്ത് ഉഡുപ്പിയിലെ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ. കഴിഞ്ഞ ദിവസം ചിക്കമഗളൂരു ജില്ലയിലെ ബേലൂര്‍ റോഡില്‍ കാര്‍ നിയന്ത്രണം വിട്ട് നദിയിലേക്ക് മറിഞ്ഞിരുന്നു. കാര്‍ മുങ്ങിത്താണെങ്കിലും വാഹനം ഓടിച്ച സദാനന്ദ രക്ഷപ്പെട്ടിരുന്നു. ഭാര്യയുടെ ബേലൂരിലുള്ള മാതാപിതാക്കളുടെ വീട്ടിലേക്ക് പോവുകയായിരുന്ന സദാനന്ദന്‍. മുങ്ങിത്താണ കാറിനുള്ളില്‍ ചുവന്ന തുണി സഞ്ചിയില്‍ പൊതിഞ്ഞു വെച്ച 45 ലക്ഷത്തോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ ഉണ്ടായിരുന്നു. ക്രെയിന്‍ ഉപയോഗിച്ച് കാര്‍ പുറത്തെടുത്തെങ്കിലും സ്വര്‍ണാഭരണം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പ്രശസ്ത മുങ്ങല്‍ വിദഗ്ദ്ധനും രക്ഷാപ്രവര്‍ത്തകനുമായ ഈശ്വര മാല്‍പെയെ സമീപിക്കുകയായിരുന്നു സദാനന്ദന്‍. കനത്ത മഴയെത്തുടര്‍ന്ന് ചെളി നിറഞ്ഞ വെള്ളം കാരണം കാഴ്ച മോശമായിരുന്നിട്ടും, ഈശ്വര മല്‍പെ നദിയിലേക്ക് ഇറങ്ങി. വെറും 15 മിനിറ്റിനുള്ളില്‍, ആഭരണങ്ങള്‍ അടങ്ങിയ ബാഗ് ഈശ്വര മല്‍പെ കണ്ടെത്തി. നഷ്ടമായെന്ന് കരുതിയ ആഭരണങ്ങള്‍ വീണ്ടെടുത്തതോടെ ഈശ്വര മാല്‍പെയോട് സദാനന്ദന്‍ നന്ദിയറിയിച്ചു. ആഭരണങ്ങള്‍ വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷ തനിക്കില്ലായിരുന്നുവെന്ന് സദാനന്ദ ഈശ്വര മല്‍പെയോട് പറഞ്ഞു. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താന്‍ എത്തിയതോടെയാണ് ഈശ്വര്‍ മാല്‍പെ മലയാളികള്‍ക്ക് ശ്രദ്ധേയനായത്. കര്‍ണാടകയിലെ നിരവധി ദുരന്തമുഖങ്ങളില്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി ഈശ്വര മല്‍പെ രക്ഷാപ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. കടലിലും പുഴയിലും ജീവന്‍ നഷ്ടമായ 200 ലേറെ പേരുടെ മൃതദേഹങ്ങളും കരക്കെത്തിച്ചിരുന്നു. ഒരുപാട് രക്ഷാദൗത്യങ്ങള്‍ക്ക് നേതൃത്വം വഹിച്ച അനുഭവ സമ്പത്തുള്ള മുങ്ങല്‍ വിദഗ്ധനാണ് ഈശ്വര്‍ മല്‍പെ എന്ന 48 കാരന്‍.









