ലഖ്‌നൗ: ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് രണ്ടുനില കെട്ടിടത്തില്‍ നിന്നും തള്ളിയിട്ടു കൊല്ലാന്‍ ശ്രമം. മൗ റാണിപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 26 കാരിയായ തീജ എന്ന യുവതിയെയാണ് ഭര്‍ത്താവ് മുകേഷ് അഹിര്‍വാര്‍ കൊല്ലാന്‍ ശ്രമിച്ചത്. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് സംഭവം. യുവതി ഗുരുതര പരിക്കുകളോടെ ഝാന്‍സി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ക്ഷേത്രത്തില്‍ വച്ചാണ് മുകേഷും തീജയും ആദ്യമായി പരിചയപ്പെട്ടത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തോളം ബന്ധം നല്ലരീതിയില്‍ പോയിരുന്നു. പിന്നീട് മുകേഷിന്റെ സ്വഭാവം പൂര്‍ണ്ണമായി മാറുകയായിരുന്നു. ഭാര്യയുമായി വഴക്ക് പതിവായതോടെ മുകേഷ് ഇടയ്ക്കിടെ വീട്ടില്‍ നിന്ന് മാറി താമസിക്കാറുണ്ടായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക് തിരിച്ചുവന്നിരുന്നു. വീണ്ടും വഴക്കായതോടെ ഭാര്യയെ ഉപദ്രവിച്ചു. ശേഷം ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചെങ്കിലും തീജ അതിന് സമ്മതിച്ചില്ല.
ഇതോടെ ദേഷ്യം വന്ന ഭര്‍ത്താവ് യുവതിയെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് തള്ളിയിടുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ അവളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. സംഭവം പുറത്തുവന്നതോടെ പൊലീസ് മുകേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഭര്‍ത്താവ് നിരന്തരം ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഭര്‍ത്താവായ മുകേഷ് അഹിര്‍വാറിനെതിരെ കൊലപാതകശ്രമം, ഗാര്‍ഹിക പീഡനം, ലൈംഗിക പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.
മൗ റാണിപൂര്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.








