അഹമ്മദാബാദ്: ഹോട്ടലിലെത്തി വയറുനിറയെ ഭക്ഷണം കഴിച്ച് പണം കൊടുക്കാതെ മുങ്ങിയ അഞ്ചംഗ സംഘം പിടിയിൽ. രാജസ്ഥാനിലെ മൗണ്ട് അബുവിലാണ് സംഭവം. 10,900 രൂപയുടെ ഭക്ഷണം കഴിച്ച ശേഷം യുവതിയും സംഘവും പണം നൽകാതെ ഹോട്ടലിൽ നിന്ന് മുങ്ങുകയായിരുന്നു. യുവതി അടക്കം അഞ്ചുപേരടങ്ങുന്ന വിനോദയാത്ര സംഘമാണ് അടിച്ചു പൊളിക്കാൻ ഇറങ്ങിത്തിരിച്ചത്. മൗണ്ട് അബുവിലെത്തിയ ശേഷം ഹാപ്പി ഡേ എന്ന ഹോട്ടലിൽ കയറി വിലയേറിയ ഭക്ഷണം ഓർഡർ ചെയ്യുകയായിരുന്നു. വയറ് നിറയെ അഞ്ചുപേരും കഴിച്ചു. 10900 രൂപ ബില്ലുമായി വെയിറ്റർ എത്തി. പണം തരാമെന്ന് വെയിറ്ററോട് പറഞ്ഞ ശേഷം, ഓരോരുത്തരായി വാഷ് റൂമിലേക്ക് കയറിപ്പോവുകയായിരുന്നു. പണം തരുമെന്ന് ധാരണയില്‍ വെയിറ്റര്‍ അവിടെ നിന്ന് മാറിനിന്നു. വാഷ് റൂമില്‍ നിന്ന് ഓരോരുത്തരായി തിരികെ ഇറങ്ങി കാറിൽ ചെന്നിരുന്നു. ഏറ്റവും ഒടുവില്‍ വരുന്നയാള്‍ പണം തരുമെന്ന ധാരണയിലായിരുന്നു വെയിറ്റര്‍. അയാളും വെയിറ്ററുടെ കണ്ണുവെട്ടിച്ച് പണം തരാതെ കാറില്‍ കയറി വിട്ടുപോവുകയായിരുന്നു. ജീവനക്കാർ ഇക്കാര്യം ഉടമയെ അറിയിച്ചു.പണം തരാതെ ഇവർ മുങ്ങിയെന്നറിഞ്ഞ ഹോട്ടലുടമ ഇവരെ പിന്തുടരാൻ തീരുമാനിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇവർ പോയ വഴിയെ ഹോട്ടലുടമയും ജീവനക്കാരും മറ്റൊരു വാഹനത്തിൽ പുറപ്പെട്ടു. ഗുജറാത്ത് അതിർത്തിയിലേക്ക് നീങ്ങുകയായിരുന്ന കാർ ട്രാഫിക്കിൽ കുടുങ്ങിക്കിടക്കുന്നത് ഹോട്ടലുടമ കണ്ടു. ഭക്ഷണം കഴിച്ചു പണം തരാതെ മുങ്ങിയ സംഘമാണെന്ന് കണ്ടെത്തിയ ഉടമ പൊലീസിനെ വിളിപ്പിച്ചു. പൊലീസ് എത്തി അഞ്ചുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ബില്ലടക്കാൻ പണമില്ലാത്തതുകൊണ്ടാണ് സ്ഥലം വിട്ടതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. കൈയിൽ പണമില്ലെന്നും സുഹൃത്തിനെ വിളിച്ച് പണം ട്രാൻസ്ഫർ ചെയ്യാമെന്നും പിടിയിലായതിനു പിന്നാലെ ഇവർ അറിയിച്ചതായാണ് വിവരം. അഞ്ചംഗ സംഘത്തെ ഹോട്ടൽ ഉടമ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.








